1970 ല്‍ കേരളവും തമിഴ്നാടും തമ്മിലുണ്ടാക്കിയ ആളിയാര്‍ കരാര്‍ പ്രകാരം ആളിയാര്‍ ഡാമില്‍ നിന്നും നിശ്ചിത അളവ് ജലം ഓരോ മാസവും കേരളത്തിലേക്ക് നല്‍കും. ഈ മാസം ഒന്നാം തീയതി മുതല്‍ 700 ദശലക്ഷം ഘനയടി ജലം തരേണ്ടതാണ് അതായത് ഒരു മിനിറ്റില്‍ 540 ഘനയടി ജലം. കഴിഞ്ഞ ദിവസം നല്‍കേണ്ടതില്‍ പാതിജലം പോലും വിട്ടു നല്‍കിയിരുന്നുമില്ല. തുടര്‍ന്നാണ് ജലദൗര്‍ലഭ്യമെന്ന് പറഞ്ഞ് ഷട്ടറുകളടച്ച് തമിഴ്നാട് ഏകപക്ഷീയമായി തീരുമാനമെടുത്തത്. കരാര്‍ പ്രാബല്യത്തില്‍ വന്ന് 58 വര്‍ഷത്തില്‍ ഇതാദ്യമായാണ് ആളിയാറിലെ ജലം തമിഴ്നാട് വിട്ടുനല്‍കാതെ പൂര്‍ണമായും വഴിതിരിച്ചെടുക്കുന്നത്. മണക്കടവിന് മുകളിലെ അഞ്ച് ചെറിയ ഡാമുകളും അടച്ചു. 

കാവേരി ജലം എത്തുന്ന തമിഴ്നാട് ബേസിലേക്കാണ് ആളിയാര്‍ ജലം വഴിതിരിച്ചെടുത്തിരിക്കുന്നത്. ആളിയാര്‍ ജലത്തെ ആശ്രമിക്കുന്ന ചിറ്റൂര്‍ മേഖല പൂര്‍ണമായും വറുതിയിലാഴും. ഭാരതപ്പുഴയുടെ പ്രധാന ശ്രോതസ്സായ ചിറ്റൂര്‍ പുഴയലേക്ക് വെള്ളമെത്താതെ വന്നാല്‍ ഭാരതപ്പുഴയും വറ്റും. ഭാരതപ്പുഴയിലെ വെള്ളത്തെ ആശ്രയിക്കുന്ന പാലക്കാട് ജില്ലയുടെ ഷൊര്‍ണൂര്‍ പട്ടാമ്പി തൃത്താല തുടങ്ങിയ പ്രദേശങ്ങളും മലപ്പുറം ജില്ലയുടെ ഭാഗങ്ങളും കടുത്ത കുടിവെള്ള ക്ഷാമത്തിലേക്കാണ് എത്തുക. ആളിയാര്‍ പ്രശ്നത്തില്‍ കേരള സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന പരാതി ശക്തമാകുന്നതിനിടെയാണ് തമിഴ്നാട് ഏകപക്ഷീയമായ തീരുമാനം എടുത്തിരിക്കുന്നത്.