ചെന്നൈ: പ്രതിപക്ഷത്തിന്റെയും വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരുടെയും ശക്തമായ പ്രതിഷേധത്തിനൊടുവില്‍ ബസ് ചാര്‍ജ്ജ് കുറയ്‌ക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചു. ജനുവരി 20ന് വര്‍ദ്ധിപ്പിച്ച ബസ് ചാര്‍ജ്ജാണ് ഇന്ന് വീണ്ടും കുറച്ചത്. ഇതോടെ ഓര്‍ഡിനറി/ടൗണ്‍ ബസുകളിലെ മിനിമം ചാര്‍ജ്ജ് അഞ്ച് രൂപയായി വര്‍ദ്ധിപ്പിച്ചത് വീണ്ടും നാല് രൂപയായി കുറയും.

ഓര്‍ഡിനറി മൊഫ്യൂസില്‍ ബസുകളില്‍ ഒരു കിലോമീറ്ററിന് 60 പൈസയാക്കിയത് 58 പൈസയാക്കി കുറയ്‌ക്കും. ജനുവരി 20ന് മുന്‍പ് ഇത് 42 പൈസ മാത്രമായിരുന്നു. എക്‌സ്‍പ്രസ് ബസുകളില്‍ 80 പൈസയായിരുന്നത് 75 പൈസയായും സൂപ്പര്‍ ഡീലക്‌സ് ബസുകളില്‍ 90 പൈസയില്‍ നിന്ന് 85 പൈസയായും കുറയ്‌ക്കും. നിരക്കിളവ് പ്രാബല്യത്തില്‍ വരുമ്പോള്‍ ഓരോ 200 കിലോമീറ്റര്‍ യാത്രയ്‌ക്കും അഞ്ച് രൂപ മുതല്‍ 20 രൂപ വരെ കുറവ് വരും.