യുവാവിന്‍റെ ക്ഷണം കിട്ടിയതനുസരിച്ചാണ് ഫ്രഞ്ച് പൗരനായ പിയര്‍ തമിഴ്നാട്ടിലെത്തിയത്. ദിവസങ്ങളായി ഇരുവരും ഒരുമിച്ചായിരുന്നു കഴിഞ്ഞിരുന്നത്

തഞ്ചാവൂര്‍: ഫ്രഞ്ച് പൗരനായ വിനോദ സഞ്ചാരിയെ കൊന്ന സംഭവത്തില്‍ തമിഴ്‌നാട്ടുകാരനായ ഒരാള്‍ അറസ്റ്റില്‍. പിയര്‍ ബോട്ടീര്‍ എന്ന അമ്പതുകാരനായ സഞ്ചാരിയുടെ പകുതി വെന്ത മൃതദേഹം ബാഗില്‍ പൊതിഞ്ഞ നിലയിലായിരുന്നു കണ്ടെത്തിയത്. 

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. തഞ്ചാവൂര്‍ സ്വദേശിയായ തിരുമുരുഗന്‍ എന്ന 29കാരനാണ് അറസ്റ്റിലായത്. സംഭവത്തെ കുറിച്ച് പൊലീസ് വിശദീകരിക്കുന്നതിങ്ങനെയാണ്- 'ഇരുവരും നേരത്തേ പരിചിതരായിരുന്നു. തിരുമുരുഗന്റെ ക്ഷണം അനുസരിച്ചാണ് ഫ്രഞ്ച് പൗരനായ പിയര്‍ ഇന്ത്യയിലെത്തിയത്. ആഗസ്റ്റ് 5നാണ് ഇയാള്‍ തഞ്ചാവൂരിലെത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇരുവരും ഒരുമിച്ചായിരുന്നു. മദ്യപിച്ച് ഏതോ വിഷയത്തില്‍ തര്‍ക്കം നടന്നതിനെ തുടര്‍ന്ന് തിരുമുരുഗന്‍ പിയറിനെ കൊലപ്പെടുത്തുകയായിരുന്നു.'

മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഇത് പരാജയപ്പെട്ടതോടെയാണ് തിരുമുരുഗന്‍ ബാഗില്‍ കെട്ടി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഉളിക്കോട്ടയിലെ ഇറിഗേഷന്‍ പദ്ധതി പ്രദേശത്ത് മൃതദേഹം തള്ളുകയായിരുന്നു. എന്നാല്‍ പൊലീസ് സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ തിരുമുരുഗന്‍ വീണു. ചോദ്യം ചെയ്യലില്‍ താനാണ് കൃത്യം നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിക്കുകയായിരുന്നു.