മലപ്പുറം: മലപ്പുറം താനൂരില്‍ വിമാന ഇന്ധനവുമായി പോകുകയായിരുന്ന ടാങ്കര്‍ ലോറി മറിഞ്ഞു. അപകടത്തെത്തുടര്‍ന്ന് ടാങ്കിന്റെ അടപ്പ് തുറന്ന് പുറത്തേക്കൊഴുകിയ ഇന്ധനത്തിന് തീ പിടിച്ചത് പ്രദേശവാസികളില്‍ പരിഭ്രാന്തി പരത്തി. അപകടത്തെത്തുടര്‍ന്ന് സമീപത്തെ കിണറുകളിലേക്കും കനാലിലേക്കും ഇന്ധനം ചോര്‍ന്നിരുന്നു. ഇതില്‍ കനാലിലേക്കൊഴുകിയ ഇന്ധനത്തിനാണ് തീ പിടിച്ചത്. ഇന്ധനം കലര്‍ന്നതായി സംശയമുള്ള വെള്ളം ഉപയോഗിക്കരുതെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

താനൂരില്‍ പ്രിയ ടാക്കീസിന് സമീപത്തെ വളവില്‍ പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. എറണാംകുളത്തു നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് വിമാന ഇന്ധനവുമായി വരികയായിരുന്ന ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. ഡ്രൈവര്‍ സനേഷ് ക്ലീനര്‍ ബാബുവും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

പെട്രോളിയം ഉല്‍പ്പന്നം തന്നെയാണെങ്കിലും സ്ഫോടന സാധ്യത ഇല്ലാതെയാണ് വിമാന ഇന്ധനം തയ്യാറാക്കുന്നതെന്നതിനാല്‍ ആശങ്കയില്ലെന്ന് അധികൃതര്‍ അറിയിച്ചു.