കൊല്ലം: മരച്ചീനിക്ക് വിലയിടിഞ്ഞതോടെ പ്രതിസന്ധിയിലായി കര്‍ഷകര്‍. രണ്ട് മാസത്തിനിടെ കിലോയ്ക്ക് 16 രൂപയാണ് വില കുറഞ്ഞത്. മരച്ചീനിക്ക് ന്യായവില ഉറപ്പാക്കൻ സംവിധാനം ഒരുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല.

ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ മരച്ചീനീയുടെ ഇപ്പോഴത്തെ വില കിലോയ്ക്ക് 16 രൂപയാണ്. മൊത്തക്കച്ചവടക്കാര്‍ കര്‍ഷകന് നല്‍കുന്നത് കിലോയ്ക്ക് 10 രൂപാ വച്ച് മാത്രം. രണ്ട് മാസം മുൻപ് വരെ ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ മരച്ചീനി വിറ്റിരുന്നത് 30 രൂപയ്ക്കാണ്. പെട്ടെന്ന് വില താഴ്ന്നത് മരച്ചീനി കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

മൊത്ത വ്യാപാരികള്‍ വലിയ വില കൊടുക്കാൻ തയ്യാറാകാത്തതും വരവ് മരച്ചീനി സംസ്ഥാനത്ത് വ്യാപകമായതുമാണ് ഇവിടത്തെ കര്‍ഷകരെ പ്രതിസന്ധിയിലാക്കിയത്. കടം വാങ്ങി കൃഷിയിറക്കിയവര്‍ കിട്ടുന്ന വിലയ്ക്ക് വില്പന നടത്തുകയാണിപ്പോള്‍. ഉല്‍പ്പാദന ചെലവ് ഓരോ വര്‍ഷവും കൂടുന്ന സാഹചര്യവുമുണ്ട്.

ഓണക്കാലത്താണ് സാധാരണ വിളവെടുപ്പ് കൂടുതലും നടക്കാറുള്ളത്. ഇത്തവണ ഓണം വറുതിയുടേതായിരിക്കുമെന്ന് ഈ കര്‍ഷകര്‍ പറയുന്നു.മരച്ചീനിയില്‍ നിന്നും മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പദ്ധതി എങ്ങുമെത്താതെ നിലച്ചു. ന്യായ വില ഉറപ്പാക്കുമെന്ന വാഗ്ദാനവും നടപ്പായില്ല.