ആക്റ്റിവിസ്റ്റുകളായ സ്ത്രീകള്‍ മലചവിട്ടാന്‍ തിരക്കുകൂട്ടുന്നത് എന്തിനെന്ന് മനസിലാവുന്നില്ലെന്ന് എഴുത്തുകാരി തസ്ലീമ നസ്റിന്‍. 

ദില്ലി: ആക്റ്റിവിസ്റ്റുകളായ സ്ത്രീകള്‍ മലചവിട്ടാന്‍ തിരക്ക് കൂട്ടുന്നത് എന്തിനെന്ന് മനസിലാവുന്നില്ലെന്ന് എഴുത്തുകാരി തസ്ലീമ നസ്റിന്‍. ലൈംഗികാതിക്രമവും , ഗാര്‍ഹിക പീഡനവും സ്ത്രീകള്‍ നേരിടുന്ന ഗ്രാമങ്ങളിലേക്കാണ് ആക്റ്റിവിസ്റ്റുകള്‍ പോവേണ്ടതെന്നും ഏഴുത്തകാരി ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു. ജോലിയെടുക്കാനുള്ള സ്വാതന്ത്ര്യമോ ജോലിക്ക് തുല്ല്യ വേതനമോ, വിദ്യാഭ്യാസമോ ഒന്നും സ്ത്രീകള്‍ക്ക് ലഭ്യമല്ലാത്ത ഗ്രാമങ്ങളുണ്ട് രാജ്യത്തെന്നും തസ്ലീമ ചൂണ്ടിക്കാട്ടി.

മലചവിട്ടാന്‍ തൃപ്തി ദേശായി എത്തിയതിന് പിന്നാലെയാണ് തസ്ലീമ നസ്റിന്‍ ട്വിറ്ററിലൂടെ പ്രതികരണം നടത്തിയത്. അതേസമയം പതിനാല് മണിക്കൂർ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവില്‍ തൃപ്തി ദേശായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും മടങ്ങി. 14 മണിക്കൂർ നീണ്ട നാമജപ പ്രതിഷേധത്തെ തുടർന്ന് തൃപ്തി ദേശായിക്കും സംഘത്തിനും വിമാനത്താവളത്തിന് പുറത്തിറങ്ങാൻ പോലുമായില്ല. പേടിച്ചിട്ടല്ല മടക്കമെന്നും ശബരിമലയിലേക്ക് ഇനിയും വരുമെന്ന് പ്രഖ്യാപിച്ചാണ് തൃപ്തി ദേശായി കൊച്ചി വിമാനത്താവളത്തിൽ നിന്നും മടങ്ങിയത്.