ന്യൂഡല്‍ഹി: ടാറ്റ ഗ്രൂപ്പ് ചെയർമാൻ സ്ഥാനത്ത് പുറത്താക്കിയതിനെതിരെ സൈറസ് മിസ്ത്രി കോടതിയെ സമീപിച്ചേക്കും. സൈറസ് മിസ്ത്രി- രത്തൻ ടാറ്റ, ടാറ്റ ഗ്രൂപ്പ്, ടാറ്റ ട്രസ്റ്റുകൾ എന്നിവർക്കെതിരെ ദേശീയ കന്പനികാര്യ നിയമ ട്രൈബ്യൂണലിൽ കേവിയറ്റ് ഹർജി നൽകി. സൈറസ് മിസ്ത്രിക്കെതിരെ ടാറ്റാ ഗ്രൂപ്പും കേവിയറ്റ് ഹർജി ഫയൽ ചെയ്തിട്ടുണ്ട്.

ടാറ്റ ഗ്രൂപ്പിലെ തലപ്പത്തെ സ്ഥാനചലനം നിയമയുദ്ധത്തിലേക്ക് നീങ്ങുകയാണ്. സൈറസ് മിസ്ത്രിയും രത്തൻ ടാറ്റ, ടാറ്റ ഗ്രൂപ്പ്, ടാറ്റ ട്രസ്റ്റുകൾ എന്നിവയും പരസ്പരം ദേശീയ കന്പനി നിയമകാര്യ ട്രൈബ്യൂണലിൽ കേവിയറ്റ് ഹർജികൾ ഫയൽ ചെയ്തു. പ്രതിഭാഗത്തിന്‍റെ വാദം കേൾക്കാതെ കോടതി ഉത്തരവുകൾ പുറപ്പെടുവിക്കില്ലെന്ന് ഉറപ്പാക്കുന്നതിനാണ് കേവിയറ്റ് ഹർജി.

മുന്നറിയിപ്പില്ലാതെ ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കിയത് കമ്പനി നിയമത്തിന് എതിരാണെന്നാണ് മിസ്ത്രിയുടെ വാദം. ഇതിന്‍റെ ഭാഗമായാണ് ആദ്യം ദേശീയ കന്പനി നിയമകാര്യ ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുന്നത്. സൈറസ് മിസ്ത്രി വൈകാതെ മുംബൈ കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചേക്കുമെന്നും സൂചനയുണ്ട്. എന്നാൽ മിസ്ത്രി ഇക്കാര്യം നിഷേധിച്ചു. പുറത്താക്കലിനെതിരെ അനുയോജ്യമായ സമയത്ത് പ്രതികരിക്കുമെന്നാണ് മിസ്ത്രിയുടെ നിലപാട്.

കഴിഞ്ഞ ദിവസമാണ് ടാറ്റ ഗ്രൂപ്പ് ചെയർമാൻ സ്ഥാനത്ത് നിന്ന് ബോർഡ് സൈറസ് മിസ്ത്രിയെ നീക്കിയത്. ഇടക്കാല ചെയർമാനായി രത്തൻ ടാറ്റയെ നിയമിക്കുകയും ചെയ്തു. മിസ്ത്രിയെ പുറത്താക്കാനുള്ള കാരണം ടാറ്റ സൺസ് ബോർഡ് വ്യക്തമാക്കിയിട്ടില്ല.