നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയ്ക്കും രൂപം കൊടുത്തിട്ടുണ്ട്. 

തിരുവനന്തപുരം: ശബരിമലയില്‍ മണ്ഡലകാല സീസണ്‍ നവംബറില്‍ ആരംഭിക്കാനിരിക്കേ പ്രളയത്തില്‍ തകര്‍ന്ന പന്പ പുനര്‍നിര്‍മ്മിക്കാനുള്ള ചുമതല ടാറ്റാ പ്രൊജക്ട് ലിമിറ്റഡിന് നല്‍കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി അടിയന്തരനടപടികള്‍ സ്വീകരിക്കും. മന്ത്രിസഭായോഗ തീരുമാനനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയ്ക്കും രൂപം കൊടുത്തിട്ടുണ്ട്. ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്നാഥ് ബെഹ്റ എന്നിവരെ കൂടാതെ സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരായ ഡോ.വി.വേണു, കെ.ആര്‍.ജ്യോതിലാല്‍, ടിങ്കു ബിസ്വാള്‍ എന്നീ സീനിയര്‍ ഉദ്യോഗസ്ഥരും സമിതിയില്‍ അംഗങ്ങളാണ്. 

നവംബര്‍ 17-നാണ് മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം ആരംഭിക്കുന്നത്. പ്രളയത്തില്‍ തകര്‍ന്ന റോഡുകളും പാലങ്ങളും കെട്ടിട്ടങ്ങളുമെല്ലാം യുദ്ധകാലടിസ്ഥാനത്തില്‍ പുനര്‍നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പന്പയില്‍ രണ്ട് പാലം നിര്‍മ്മിച്ചു നല്‍കാമെന്ന് നേരത്തെ സൈന്യം അറിയിച്ചിരുന്നു.