ഖത്തറില്‍ മൂല്യവര്‍ധിത നികുതി നടപ്പാക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലെത്തിയതായി റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം തുടക്കത്തില്‍ തന്നെ വാറ്റ് നടപ്പിലാക്കണമെന്ന ജിസിസി രാജ്യങ്ങളുടെ തീരുമാനത്തിന്റെ ഭാഗമായാണ് നടപടി.

2018 ആദ്യത്തില്‍ തന്നെ മുഴുവന്‍ ജിസിസി രാജ്യങ്ങളിലും അഞ്ചു ശതമാനം വാറ്റ് നടപ്പാക്കാനാണ് തീരുമാനം. ജിസിസി രാജ്യങ്ങള്‍ക്ക് ഇതിലൂടെ ദേശീയ മൊത്തവരുമാനത്തില്‍ രണ്ടു ശതമാനം വര്‍ധനവുണ്ടാക്കാന്‍ കഴിയുമെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ആന്‍ഡ് ഫിനാന്‍ഷ്യല്‍ കമ്മറ്റി വിലയിരുത്തിയിരുന്നു. ഇതനുസരിച്ചു ഖത്തര്‍ മന്ത്രിസഭ അംഗീകരിച്ച വാറ്റ് കരട് നിയമം ഇപ്പോള്‍ സര്‍ക്കാരിന്റെ ഉപദേശക സമിതിയായ ശൂറാ കൗണ്‍സിലിന്റെ പരിഗണനയിലാണ്. ശൂറാ കൗണ്‍സില്‍ അംഗീകരിച്ച ശേഷം മന്ത്രിസഭയ്‌ക്ക് തിരിച്ചയക്കുന്ന കരട് നിയമം അമീറിന്റെ അംഗീകാരത്തോടെ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെയാണ് പ്രാബല്യത്തില്‍ വരിക.ഗള്‍ഫ് രാജ്യങ്ങളില്‍ ഇതാദ്യമായാണ് വാറ്റ് നടപ്പാക്കുന്നത് എന്നത് കൊണ്ട് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളില്‍ വ്യക്തത കൈവരേണ്ടതുണ്ട്. ഇതിന്റെ ഭാഗമായുള്ള പരിശീലന പരിപാടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ഖത്തര്‍ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങള്‍. നികുതി പിരിവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാരും, അടക്കേണ്ട നികുതി കണക്കാക്കുന്നത് സംബന്ധിച്ച് വ്യാപാര സ്ഥാപനങ്ങള്‍ അവരുടെ ഫിനാന്‍ഷ്യല്‍ വിഭാഗത്തിനും ആവശ്യമായ പരിശീലനം നല്‍കാനുള്ള തയാറെടുപ്പിലാണ്. എണ്ണ വിലയിടിവിനെ തുടര്‍ന്നുണ്ടായ വരുമാന നഷ്‌ടം നേരിടാനാണ് ജിസിസി രാജ്യങ്ങള്‍ രാജ്യാന്തര നാണ്യനിധിയുടെ ശുപാര്‍ശ പ്രകാരം വാറ്റ് നടപ്പാക്കാന്‍ തീരുമാനിച്ചത്.