നിയമസഭാ തെരെഞ്ഞെടുപ്പിന് വേണ്ടി വാഹനമോടിയ സ്വകാര്യ വാഹന ഉടമകളും ഡ്രൈവര്‍മാരും ദുരിതത്തില്‍. മിക്ക ജില്ലകളിലും വാഹനത്തിന്റെ വാടകയോ ഭക്ഷണ അലവന്‍സോ ഇതുവരെ കിട്ടിയില്ല. പത്തുദിവസത്തിലധികം വാഹനമോടിയ ഹരിപ്പാട്ടെ ഡ്രൈവര്‍മാര്‍ക്ക് നല്‍കിയത് വെറും പതിനഞ്ച് ലിറ്റര്‍ ഡീസല്‍. തെരെഞ്ഞെടുപ്പ് കമ്മീഷനെതിരെ ആലപ്പുഴയിലെ ഒരു കൂട്ടം ഡ്രൈവര്‍മാര്‍ അദാലത്തില്‍ പരാതിയും നല്‍കിക്കഴിഞ്ഞു.
ഒരു ദിവസത്തേക്ക് 250 രൂപ ഭക്ഷണ അലവന്‍സ്. ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആര്‍സി ബുക്കിന്റെ പകര്‍പ്പും നല്‍കിയാല്‍ രണ്ടാഴ്ചക്കകം വാടക. മോട്ടര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ടാക്‌സികളും മറ്റ് വാഹനങ്ങളും തെരഞ്ഞെടുപ്പിനായി പിടിച്ചെടുക്കുമ്പോള്‍ ഇതായിരുന്നു വാഗ്ദാനം. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസം രണ്ടര ആകുന്നു. പലര്‍ക്കും വാടക കിട്ടിയില്ലെന്ന് മാത്രമല്ല, ഭക്ഷണ അലവന്‍സ് പോലും കൊടുത്തില്ല. രണ്ട് ദിവസം മുതല്‍ പത്തും പതിനഞ്ചും ദിവസം വരെ രാവിലെ മുതല്‍ പാതിരാത്രി വരെ വാഹനമോടിയവരുണ്ട് ഇക്കൂട്ടത്തില്‍. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്ല ഭക്ഷണം കിട്ടുമ്പോള്‍ കൂടെ പോയ ഈ പാവങ്ങള്‍ക്ക് പലയിടങ്ങളിലും ചായ പോലും കിട്ടിയില്ല. ഇത് കൊണ്ട് മാത്രം ജീവിക്കുന്ന സംസ്ഥാനത്തെ ആയിരക്കണക്കിന് വാഹനഉടമകളും ഡ്രൈവര്‍മാരും സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ്.
അന്ന് വാഹനം പിടിച്ചെടുത്ത ഉദ്യോഗസ്ഥരും ഇന്ന് കൈമലര്‍ത്തുന്നു. ഹരിപ്പാട്ട് പത്തുദിവസമോടിയ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ആകെ കൊടുത്തത് പതിനഞ്ച് ലിറ്റര്‍ ഡീസല്‍ മാത്രം. സ്വന്തം പണം ചെലവാക്കി എണ്ണയുമടിച്ച് ഓടിയ ഡ്രൈവര്‍മാര്‍ പണം കിട്ടാതെ വന്നതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ഹരിപ്പാട്ട് അദാലത്തില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
