ഇന്ത്യയിൽ നിന്നുള്ള കമ്പനികളുടെ ചരിത്രത്തിൽ ടിസിഎസ് പുതിയ അധ്യായം തുന്നിച്ചേർത്തിരിക്കുന്നു. 6,60,000 കോടി രൂപയിലധികം അഥവാ 100 ബില്യൺ ഡോളറിന് മുകളിലാണ് ടിസിഎസിന്‍റെ വിപണി മൂല്യം.

ബെംഗളൂരു:ടാറ്റ കൺസൽട്ടൻസി സർവീസസിന് ചരിത്ര നേട്ടം. 100 ബില്യൺ ഡോളർ ക്ലബ്ബിലെത്തുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ കമ്പനിയായി ടിസിഎസ് മാറി. അവസാന പാദത്തിലെ മികച്ച പ്രകടനമാണ് ടിസിഎസിനെ ചരിത്ര നേട്ടത്തിലെത്തിച്ചത്.

ഇന്ത്യയിൽ നിന്നുള്ള കമ്പനികളുടെ ചരിത്രത്തിൽ ടിസിഎസ് പുതിയ അധ്യായം തുന്നിച്ചേർത്തിരിക്കുന്നു. 6,60,000 കോടി രൂപയിലധികം അഥവാ 100 ബില്യൺ ഡോളറിന് മുകളിലാണ് ടിസിഎസിന്‍റെ വിപണി മൂല്യം. വെള്ളിയാഴ്ച മാത്രം 40,000 കോടി രൂപയാണ് ടിസിഎസന്‍റെ മൂലധന ശേഖരത്തിലെത്തിയത്.

മാർച്ചിൽ അവസാനിച്ച നാലാംപാദത്തിൽ 6,904 കോടി രൂപയുടെ അറ്റലാഭം നേടിയതാണ് ടിസിഎന്‍റെ റെക്കോഡ് നേട്ടത്തിന് വേഗം കൂട്ടിയത്. വൻകിട കരാറുകളിലുണ്ടായ വർദ്ധനവാണ് ലാഭം ഉയർന്നതിയതിന് പിന്നിൽ. ഇതിനൊപ്പം ഡോളറുമായുള്ള വിനിമയത്തിൽ രൂപ ദുർബലപ്പെട്ടതും വിദേശ വരുമാനം വൻതോതിൽ വരുന്ന ടിസിഎസിന് ഗുണമായി.

വിപണി മൂല്യത്തിൽ ആക്സഞ്ചിനെയും ടിസിഎസ് മറികടന്നു. മൂലധനത്തിൽ ഇന്ത്യയിലെ മുഖ്യ എതിരാളിയായ ഇൻഫോസിസിനേക്കാൾ ബഹുദൂരം മുന്നിലാണ് ടിസിഎസ്. 38 ബില്യൺ ഡോളറാണ് ഇൻഫോസിസിന്‍റെ വിപണി മൂല്യം.

2010ൽ 25 ബില്യൺ ഡോളർ മൂല്യമുണ്ടായിരുന്ന ടിസിഎസ് 2014ൽ 75 ബില്യണിലും നാല് വർഷത്തിനകം ചരിത്ര നേട്ടത്തിലും എത്തുകയായിരുന്നു. അവിസ്മരണീയ മുഹൂർത്തമാണിതെന്നും നേട്ടം തുടർന്നും നിലനിർത്തുമെന്നും ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരൻ അറിയിച്ചു.