അമരാവതി: ബജറ്റില്‍ ആന്ധ്രാപ്രദേശിനെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് എന്‍ഡിഎ ബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം ടിഡിപി പുനപരിശോധിക്കുന്നു. ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണിയുമായുള്ള ബന്ധം ടിഡിപി തുടരുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വിളിച്ചു ചേര്‍ന്ന അടിയന്തരയോഗത്തിന് ശേഷം നേതാക്കള്‍ വ്യക്തമാക്കിയതായി വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്രമന്ത്രി ടിഡിപി നേതാവുമായ വൈ.എസ്.ചൗധരിയെ ഉദ്ധരിച്ചാണ് പിടിഐ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

മുന്നണിയില്‍ തുടര്‍ന്നു കൊണ്ട് തന്നെ ആന്ധ്രാപ്രദേശിനാവശ്യമായ സഹായം നേടിയെടുക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ബജറ്റില്‍ സംസ്ഥാനത്തിന് കിട്ടിയ വിഹിതത്തില്‍ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു തികച്ചും അസ്വസ്ഥനാണെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. 

അതേസമയം കടുത്ത തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്നും ചന്ദ്രബാബു നായിഡുവിനെ ബിജെപി നേത്യത്വം ഇടപെട്ട് പിന്തിരിപ്പിച്ചതാണെന്നും സൂചനയുണ്ട്. ടിഡിപി നേതാക്കളുടെ യോഗത്തിനിടെ കേന്ദ്ര അഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് നായിഡുവുമായി ഫോണില്‍ ബന്ധപ്പെടുകയും സംസ്ഥാനത്തിന് ആവശ്യമായ സഹായം ലഭ്യമാക്കുമെന്ന് ഉറപ്പാക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.