2011 സെപ്തംബര്‍ ഏഴിനാണ് അധ്യാപകനായ കൃഷ്ണകുമാര്‍ വാളകത്ത് വെച്ച് ആക്രമിക്കപ്പെട്ടത്. ആര്‍ ബാലകൃഷ്ണപിള്ള മാനേജരായ വാളകം രാമവിലാസം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ അധ്യാപകനായിരുന്നു കൃഷ്ണകുമാര്‍. ആക്രമണത്തിന് പിന്നില്‍ കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയാണെന്നാണ് അന്ന് ആരോപണം ഉയര്‍ന്നിരുന്നത്. കേരള രാഷ്‌ട്രീയത്തില്‍ തന്നെ വലിയ ചര്‍ച്ചാ വിഷയമായ സംഭവത്തില്‍ ആക്രമിക്കപ്പെട്ട അധ്യാപകനെയാണ് ബാലകൃഷ്ണപിള്ള മാനേജരായ സ്കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. കൃഷ്ണകുമാറിന്‍റെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന കാരണം കാണിച്ചാണ് നടപടി. ഈ മാസം രണ്ട് മുതല്‍ 15 ദിവസത്തേക്കാണ് അന്വേഷണ വിധേയമായി കൃഷ്ണകുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

എന്നാല്‍ അധ്യാപകന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നും ഇത് സംബന്ധിച്ച് പുനലൂര്‍ കോടതിയില്‍ ക്രിമിനല്‍ കേസ് നിലനില്‍ക്കുന്നുണ്ടെന്നുമാണ് സ്കൂള്‍ മാനേജ്മെന്‍റിന്‍റെ വാദം. ക്രിമിനല്‍ കേസില്‍ ആരോപണ വിധേയനായി നില്‍ക്കുന്ന അധ്യാപകനെതിരെ നിയമപരമായ നടപടി എടുക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നുമാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം.