ഇംഗ്ലീഷ് അധ്യാപകനായ റംബാബു പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ രണ്ട് വര്‍ഷത്തോളമായി പീഡിപ്പിക്കുകയും ഗര്‍ഭിണിയായ കുട്ടിയ്ക്ക് ഗര്‍ഭം അലസാനുള്ള മരുന്ന് നല്‍കുകയും ചെയ്തു

ഹൈദരാബാദ്: രണ്ട് വര്‍ഷമായി വിദ്യാര്‍ത്ഥിനിയെ തുടര്‍ച്ചയായി പീഡിപ്പിച്ചുകൊണ്ടിരുന്ന അധ്യാപകനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് നഗ്നനാക്കി തെരുവിലൂടെ നടത്തി. ആന്ധ്രാപ്രദേശിലെ ഗോധാവരി ജില്ലയിലെ ഇലെരുവിലാണ് സംഭവം. റംബാബു എന്ന 38 കാരനെ മര്‍ദ്ദിക്കുകയും തിരക്കേറിയ നഗരത്തിലൂടെ ആളുകള്‍ ചേര്‍ന്ന് നഗ്നനാക്കി നടത്തുകയുമായിരുന്നു. യാത്രക്കാരില്‍ ചിലര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. 

ഇംഗ്ലീഷ് അധ്യാപകനായ റംബാബു പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ രണ്ട് വര്‍ഷത്തോളമായി പീഡിപ്പിക്കുകയും ഗര്‍ഭിണിയായ കുട്ടിയ്ക്ക് ഗര്‍ഭം അലസാനുള്ള മരുന്ന് നല്‍കുകയും ചെയ്തു. കുട്ടിയ്ക്ക് ശക്തമായ രക്തസ്രാവം ഉള്ളതായി മനസ്സിലാക്കിയ രക്ഷിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറംലോകം അറിഞ്ഞത്. സംഭവം അറിഞ്ഞതോടെ അധ്യാപകനെ പിടികൂടിയ നാട്ടുകാര്‍ ഇയാളെ മര്‍ദ്ദിച്ച് പൊലീസ് സ്റ്റേഷനിലേക്ക് നഗ്നനാക്കി നടത്തി. 

മാര്‍ക്ക് കൂടുതല്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ച് വന്നിരുന്നത്. അമിത രക്തസ്രാവത്താല്‍ കുട്ടി ഗുരുതരാവസ്ഥയിലാണ്. കുട്ടി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് അധ്യാപകന് ധരിക്കാന്‍ വസ്ത്രങ്ങള്‍ നല്‍കിയത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു. സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ തന്നെ 15 പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത പൊലീസ് റംബാബുവിനെ അറസ്റ്റ് ചെയ്തു. എന്നാല്‍ നിയമം ക്യയിലെടുത്ത ആള്‍ക്കൂട്ടത്തിനെതിരെ പൊലീസ് കേസെടുത്തിട്ടില്ല.