വിദ്യാർത്ഥി കോപ്പിയടിക്കാൻ ശ്രമിക്കുകയും അനാവശ്യ ബഹളം വയ്ക്കുകയും ചെയ്തിരുന്നു. ഇത് തടഞ്ഞതോടെയാണ് അധ്യാപകന് നേരെ കയ്യേറ്റമുണ്ടായത്.
ചെമ്മനാട്: പരീക്ഷയ്ക്കിടെ കോപ്പിയടി തടയാൻ ശ്രമിച്ച അധ്യാപകന്റെ ചെവി വിദ്യാർത്ഥി അടിച്ച് തകർത്തു. കാസർഗോഡ് ചെമ്മനാട് ഹയർസെക്കന്റി സ്കൂളിലെ അധ്യാപകൻ ബോബി ജോസിന് നേരെയാണ് വിദ്യാർത്ഥിയുടെ ക്രൂര മർദനം.
ഹയർസെക്കണ്ടറി രണ്ടാംവർഷ മോഡൽ പരീക്ഷക്കിടെയാണ് സംഭവം. മുഹമ്മദ് മിർസ എന്ന വിദ്യാർത്ഥി കോപ്പിയടിക്കാൻ ശ്രമിക്കുകയും അനാവശ്യ ബഹളം വയ്ക്കുകയും ചെയ്തിരുന്നു. ഇത് തടഞ്ഞതോടെയാണ് അധ്യാപകൻ ബോബി ജോസിന് നേരെ കയ്യേറ്റമുണ്ടായത്. അധ്യാപകന്റെ ഇടത് ചെവിയുടെ കർണപുടത്തിനും കൈക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.
അധ്യാപകന്റെ പരാതിയിൽ വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിലെത്തി വിദ്യാർത്ഥിയുടെ രക്ഷിതാവ് ലത്തീഫ് അധ്യാപകനെ ഭീഷണിപ്പെടുത്തിയിരുന്നു. ഈ പരാതിയിൽ അറസ്റ്റ് രേഖപ്പെടുത്തിയ ലത്തീഫിനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കേസുകളുമായിമായി മുന്നോട്ട് പോകാനാണ് അധ്യാപകന്റേയും സ്കൂൾ മാനേജ്മന്റിന്റേയും തീരുമാനം. കോടതിയിൽ ഹാജരാക്കിയ മുഹമ്മദ് മിർസയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
