കൊല്ലപ്പെട്ട അങ്കിതുമായുള്ള ബന്ധം പെണ്‍കുട്ടിയുടെ സഹോദരന്‍ എതിര്‍ത്തിരുന്നു. ഇരുവരെ രണ്ട് മതവിശ്വാസികള്‍ ആണെന്നുള്ളതാണ് സഹോദരന്‍റെ എതിര്‍പ്പിന് കാരണമായത്
ദില്ലി: മുസ്‍ലിം വിദ്യാര്‍ഥിനിയുമായി പ്രണയത്തിലായതിന് അധ്യാപകനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വെടിവെച്ച് കൊന്നു. അങ്കിത് (31) ആണ് കൊല്ലപ്പെട്ടത്. ദില്ലിയിലെ മഹേന്ദ്ര പാര്‍ക്കിന് സമീപമുള്ള ട്യൂഷന്‍ സെന്‍ററില്‍ ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.
കൊല്ലപ്പെട്ട അങ്കിതുമായുള്ള ബന്ധം പെണ്‍കുട്ടിയുടെ സഹോദരന്‍ എതിര്‍ത്തിരുന്നു. ഇരുവരെ രണ്ട് മതവിശ്വാസികള്‍ ആണെന്നുള്ളതാണ് സഹോദരന്‍റെ എതിര്‍പ്പിന് കാരണമായത്. കൊലപ്പെടുത്തുന്നതിന് മുമ്പ് നിരവധി വട്ടം അങ്കിത്തിനെ ഭീഷണിപ്പെടുത്തിയെങ്കിലും പെണ്‍കുട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ തയാറായില്ല. വിദ്യാര്‍ഥിനിയുടെ വിവാഹത്തിനുള്ള കാര്യങ്ങള്‍ വീട്ടുകാര്‍ ഇതിനിടെ ആലോചിച്ച് തുടങ്ങി.
ഇതോടെ അങ്കിത്തിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സൂചനകള്‍. പെണ്‍കുട്ടിയുടെ സഹോദരന്‍ അങ്കിത്തിന് നേര്‍ക്ക് വെടിയുതിര്‍ക്കുന്നത് കണ്ട രണ്ട് സാക്ഷികളെയും പൊലീസ് ലഭിച്ചിട്ടുണ്ട്.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം അങ്കിത് സക്സേന എന്ന യുവാവിനെയും പ്രണയ ബന്ധത്തിന്‍റെ പേരില്‍ പെണ്‍കുട്ടുയുടെ ബന്ധുക്കള്‍ ദില്ലിയില്‍ കൊലപ്പെടുത്തിയിരുന്നു.
