കാസര്‍കോട്: കാസര്‍കോട് ബേഡകം പോലീസ് സ്റ്റേഷന്‍ പരിധിയിലെ എയിഡഡ് എ.എല്‍.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യര്‍ത്ഥിനികള്‍ അധ്യാപകന്റെ ക്രൂരമായ പീഡനത്തിനും ലൈംഗിക ചൂഷണത്തിനും ഇരയായതായി പരാതി. പ്രധാന അദ്ധ്യാപകന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ആരോപണ വിധേയനായ അദ്ധ്യാപകന്‍ പൂടംകല്ലിലെ ഡൊമനിക് എ വര്‍ക്കിയുടെ പേരില്‍ ബേഡകം പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഒരുവര്‍ഷമായി തുടരുന്ന പീഡനം കുട്ടികള്‍ വീട്ടില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് വീട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ പരാതിപ്പെട്ടതോടെയാണ് പുറം ലോക മറിഞ്ഞത്.

അദ്ധ്യാപകനെ ഭയമുള്ളതിനാല്‍ പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനികള്‍ പീഡനകാര്യം പുറത്തു പറയാതെയിരിക്കുകയായിരുന്നു. കണക്ക് അധ്യാപകനായ ഡൊമനിക് എ വര്‍ക്കി വിദ്യര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിനും ഇരയാക്കി. ചൈല്‍ഡ് ലൈന്‍ പ്രവത്തകര്‍ക്കൊപ്പം ബേഡകം പോലീസ് സ്റ്റേഷനിലെത്തിയ വിദ്യാര്‍ത്ഥിനികള്‍ അദ്ധ്യാപകന്‍ നടത്തിയ പീഡനത്തിന്റ ഞെട്ടിക്കുന്ന കഥകളാണ് പോലീസിനോട് വിവരിച്ചത്. സംഭവം വിവാദമായപ്പോള്‍ അദ്ധ്യാപകനെ സ്‌കൂള്‍ മാനേജ്‌മെന്റ് മൂന്നു മാസത്തെ നിര്‍ബന്ധിത അവധി നല്‍കി വിട്ടയച്ചു.

ക്രിസ്ത്യന്‍ മാനേജ്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ ലൈംഗിക ചൂഷണത്തിനും പീഡനത്തിനും ഇരയായ സംഭവം അനേഷണ ഉദ്യോഗസ്ഥനായ ആദൂര്‍ സി.ഐ. എം.എ.മാത്യു വിവരിക്കുന്നത് ഇങ്ങനെ. ഡൊമനിക് വര്‍ക്കി നാട്ടില്‍ നല്ല സ്വീകാര്യനായ വ്യക്തിയാണ്. മദ്യപാനമോ പുകവലിയോ ഇല്ല. പള്ളി കമ്മറ്റിയിലും മറ്റും സജീവമായി ഇടപെടുന്ന ഇയാള്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളിലാണ് ഒമ്പതോളം കുട്ടികളെ പീഡിപ്പിച്ചത്.

കുട്ടികള്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടപ്പോള്‍ പ്രധാന അദ്ധ്യാപിക പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനികളെ കമ്പ്യൂട്ടര്‍ ലാബിലേക്ക് വിളിച്ചുവരുത്തി പീഡനവിവരം കടലാസ്സില്‍ എഴുതി വാങ്ങിയിരുന്നു. എന്നാല്‍ ഈ പരാതി അദ്ധ്യാപിക പുറത്തു വിട്ടില്ല. സ്‌കൂളിന്റെ പേര് കളയാതിരിക്കാന്‍ ശ്രമിച്ച അധ്യാപികയുടെ നടപടി ചില അദ്ധ്യാപകര്‍ ചോദ്യം ചെയ്തപ്പോഴാണ് സംഭവം വിവാദമായത്. കുട്ടികളുടെ മൊഴി പ്രകാരം സ്‌കൂളില്‍ എത്തിയ പൊലീസിന് അവര്‍ എഴുതി നല്‍കിയ കുറിപ്പ് കണ്ടെത്താനായിട്ടില്ല. ആദ്യം ഏഴു കുട്ടികളാണ് പോലീസില്‍ പരാതിപ്പെട്ടത്. ഒരു കുട്ടി കൂടി പരാതി പറഞ്ഞപ്പോള്‍ പോലീസ് നേരിട്ടെത്തി മൊഴി എടുക്കുകയുമായിരുന്നു. അദ്ധ്യാപകനായി അനേഷണം നടത്തിവരികയാണെന്നും ഉടന്‍ അറസ്റ്റ് രേഖപെടുത്തുമെന്നും സി.ഐ.പറഞ്ഞു.