ബംഗളൂരു രാമമൂർത്തി നഗറിൽ ടെക്കി യുവതി മരിച്ച സംഭവത്തിൽ നിർണായക കണ്ടെത്തലുമായി പൊലീസ്. യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി.
ബെംഗളൂരു: ബംഗളൂരു രാമമൂർത്തി നഗറിൽ ടെക്കി യുവതി മരിച്ച സംഭവത്തിൽ നിർണായക കണ്ടെത്തലുമായി പൊലീസ്. യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി. അയൽഫ്ലാറ്റിൽ താമസിക്കുന്ന യുവാവ് തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു കൊന്നതാണെന്ന് പൊലീസ് പറയുന്നു. 34 കാരി ശർമിളയുടെ മരണത്തിലാണ് ആറ് ദിവസത്തിനുശേഷം വഴിത്തിരിവ്. 18കാരനായ കർണൽ ഖുറായിയാണ് ശർമിളയെ കൊലപ്പെടുത്തിയത്.
ശർമിള ഒറ്റയ്ക്കുള്ളപ്പോൾ ഫ്ലാറ്റിന്റെ ഉള്ളിൽ കയറി കടന്നു പിടിക്കാൻ ശ്രമിച്ചു. എതിർത്തപ്പോൾ കൊലപ്പെടുത്തിയെന്ന് കർണൽ ഖുറായി പൊലീസിന് മൊഴി നൽകി. പിന്നാലെ തെളിവ് നശിപ്പിക്കാൻ ഫ്ലാറ്റിന് തീയിട്ടു. ശർമിള പുകയേറ്റ് ശ്വാസംമുട്ടി മരിച്ചെന്നായിരുന്നു പ്രാഥമിക നിഗമനം. യുവതിയുടെ ഫോണിൽ സിം കാർഡ് ഇട്ടതോടെയാണ് വഴിത്തിരിവ് ഉണ്ടായത്. പ്രതി പലതവണ യുവതിയോട് പ്രണയ അഭ്യർത്ഥന നടത്തിയിരുന്നു. ദക്ഷിണ കന്നഡ സ്വദേശിയാണ് കൊല്ലപ്പെട്ട ശർമിള. നഗരത്തിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആയി ജോലി ചെയ്യുകയായിരുന്നു. നഗരത്തിലെ കോളേജിലെ വിദ്യാർത്ഥിയാണ് പ്രതി കർണൽ.

