ബംഗളൂരു: ക്ലാസെടുക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍വച്ച് അധ്യാപികയെ തീകൊളുത്തി കൊല്ലാന്‍ ഭര്‍ത്താവിന്റെ ശ്രമം. കര്‍ണാടകത്തിലെ മഗഡിയിലെ സംബനപളളി താലൂക്കിലെ സ്കൂളിലാണ് സംഭവം. സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കത്തെത്തുടര്‍ന്നാണ് മാഗഡി സ്വദേശി രേണുകാരാധ്യ ഭാര്യ സുനന്ദയെ തീ കൊളുത്തിയത്.

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു അമ്പതുകാരിയായ സുനന്ദ. ഈ സമയമാണ് അവരുടെ ഭര്‍ത്താവ് രേണുകാരാധ്യ ക്ലാസിലേക്ക് കയറിവന്നത്.പ്രധാനാധ്യാപകനെ കണ്ട് ഭാര്യയെ കാണാന്‍ അനുവാദം വാങ്ങിയാണ് രേണുകാരാധ്യ എത്തിയത്.ഭാര്യക്ക് ചിക്കുന്‍ ഗുനിയ ആണെന്നും ആശുപത്രിയില്‍ പോകണമെന്നുമാണ് പ്രധാന അധ്യാപകനോട് പറഞ്ഞത്.ക്ലാസിലെത്തിയ രേണുകാരാധ്യയും സുനന്ദയും തമ്മില്‍ പണമിടപാടിനെച്ചൊല്ലി കുട്ടികള്‍ക്ക് മുന്നില്‍വച്ച്തര്‍ക്കമായി. കുട്ടികളോട് പുറത്തിറങ്ങിപ്പോകാനും രേണുകാരാധ്യ ആവശ്യപ്പെട്ടു.പെട്രോള്‍ നിറച്ച ഒരു കുപ്പി ഇയാള്‍ കയ്യില്‍ കരുതിയിരുന്നു.

തര്‍ക്കത്തിനൊടുവില്‍ പെട്രോള്‍ അധ്യാപികയുടെ ദേഹത്തൊഴിച്ച് തീ കൊളുത്തി. നിലവിളിച്ച് പുറത്തേക്കൊടിയ കുട്ടികള്‍ അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു.എഴുപത് ശതമാനത്തോളം പൊളളലേറ്റ സുനന്ദയെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലാക്കി.അവരിപ്പോഴും തീവ്രപരിചരണവിഭാഗത്തില്‍ കഴിയുകയാണ്. തീ കൊളുത്തിയ ശേഷം ഓടി രക്ഷപ്പെട്ട രേണുകാരാധ്യയെ മാഗഡിയിലെ വീട്ടില്‍ വച്ച് പൊലീസ് പിടികൂടുകയായിരുന്നു.കച്ചവടം തുടങ്ങാന്‍ ആവശ്യപ്പെട്ട രണ്ട് ലക്ഷം രൂപ കൊടുക്കാത്തതുകൊണ്ടാണ് ഭാര്യയെ അപായപ്പെടുത്താന്‍ ശ്രമിച്ചതെന്ന് ഇയാള്‍ മൊഴി നല്‍കി.