കാണ്‍പൂര്‍: ഹോംവര്‍ക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരനെ അതിക്രൂരമായി മര്‍ദ്ദിച്ച അധ്യാപകനെ പിരിച്ചുവിട്ടു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ യുണൈറ്റഡ് പബ്ലിക്ക് സ്കൂളിലാണ് സംഭവം. 40 തവണയാണ് കുട്ടിയെ അധ്യാപകന്‍ മര്‍ദ്ദിച്ചത്. 

കുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് അധ്യാപകനെ പുറത്താക്കിയത്. മൂന്നാം ക്ലാസുകാരനായ മകന്‍ രണ്ടാഴ്ചയായിട്ട് വളരെ ദുഖിതനായിരുന്നു എന്നും സ്കൂളില്‍ പോകാന്‍ വിസമ്മതിച്ചിരുന്നതായും പിതാവ് പറയുന്നു.

തുടര്‍ന്ന് കാര്യം പറയാന്‍ കുട്ടിയെ നിര്‍ബന്ധിച്ചതോടെയാണ് അധ്യാപകന്‍ മര്‍ദ്ദിച്ച വിവരം പുറത്തറിയുന്നത്. ഹോംവര്‍ക്ക് ചെയ്യാത്തതിനാല്‍ സഹപാഠിയോട് തന്നെ മര്‍ദ്ദിക്കാന്‍ അധ്യാപകന്‍ ആവശ്യപ്പെട്ടെന്നാണ് കുട്ടി പറഞ്ഞത്. അധ്യാപകനെ പിരിച്ച് വിട്ടതായി സ്കൂള്‍ പ്രിന്‍സിപ്പളാണ് പറഞ്ഞത്.