കൊല്ലം അയത്തില്‍ ഗോപാലശേരി ജി.വി. നഗര്‍ ഗുരുലീലയില്‍ സിനി എന്ന അദ്ധ്യാപിക തൂങ്ങിമരിച്ച സംഭവത്തില്‍ മലപ്പുറം സ്വദേശിയായ കാമുകന്‍ വിഷ്ണുവിനെ പോലീസ് വിട്ടയച്ചു

കൊല്ലം: കൊല്ലം അയത്തില്‍ ഗോപാലശേരി ജി.വി. നഗര്‍ ഗുരുലീലയില്‍ സിനി എന്ന അദ്ധ്യാപിക തൂങ്ങിമരിച്ച സംഭവത്തില്‍ മലപ്പുറം സ്വദേശിയായ കാമുകന്‍ വിഷ്ണുവിനെ പോലീസ് വിട്ടയച്ചു. ബോര്‍ഡര്‍ലൈന്‍ പഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ എന്ന മാനസികപ്രശ്‌നത്തിന്‌ സിനി ചികിത്സയിലായിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്‌തമായി. ഇതേത്തുടര്‍ന്നു സിനിയുടെ കാമുകനെ വിട്ടയച്ചത്. കോഴിക്കോട്‌ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്‌ടറുമായി ബന്ധപ്പെട്ടാണു പോലീസ്‌ രോഗം സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്തിയത്‌.

വൈകാരികസ്‌ഥിരത നഷ്‌ടപ്പെടുന്ന മാനസികവൈകല്യമാണ്‌ ബോര്‍ഡര്‍ലൈന്‍ പഴ്‌സണാലിറ്റി ഡിസോഡര്‍ എന്ന മാനസികരോഗം. അപകടകരമായ ലൈംഗികസ്വഭാവം, ആത്മഹത്യാശ്രമം, ഭീഷണി, വഴക്കടിക്കല്‍, സ്വയം പരുക്കേല്‍പ്പിക്കാനുള്ള ശ്രമം, അമിതമായ ദേഷ്യം, മനോനിലയില്‍ അടിക്കടിയുണ്ടാകുന്ന വ്യതിയാനം, ചെറിയ പ്രശ്‌നങ്ങളിലെ അനാവശ്യമായ ഉല്‍കണ്‌ഠയും പിരിമുറുക്കവും മനോവിഭ്രാന്തിയുമാണ്‌ പ്രധാന ലക്ഷണങ്ങള്‍.

ശനിയാഴ്‌ച സിനിയെ കാണാനെത്തിയശേഷം തിരികെ പോകാനൊരുങ്ങിയപ്പോള്‍ സിനി തടസം നിന്നതായും തുടര്‍ന്ന്‌ അക്രമാസക്‌തയായി ദേഹം മുഴുവന്‍ മാന്തിപ്പറിച്ചെന്നും സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ താന്‍ നിലവിളിച്ചു പുറത്തേക്ക്‌ ഓടിയതെന്നുമായിരുന്നു വിഷ്‌ണുവിന്‍റെ വെളിപ്പെടുത്തല്‍. ഓടിയെത്തിയ നാട്ടുകാരോടു ആക്രമിച്ച കാര്യവും സിനി വീട്ടിനകത്തു കയറി വാതില്‍ അടച്ചെന്നും വിഷ്‌ണു പറഞ്ഞു. 

തുടര്‍ന്ന്‌ നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നെത്തിയ പോലീസ്‌ സംഘം വാതില്‍ ചവിട്ടിത്തുറന്നപ്പോഴാണു തൂങ്ങിമരിച്ച നിലയില്‍ സിനിയെ കണ്ടെത്തിയത്‌. രണ്ടുവര്‍ഷം മുമ്പാണ്‌ ഫെയ്‌സ്‌ബുക്ക്‌ വഴി സിനിയും വിഷ്‌ണുവും തമ്മില്‍ അടുപ്പത്തിലായതും സൗഹൃദം പിന്നീട്‌ പ്രണയമായി മാറിയതും വഴിവിട്ട ബന്ധത്തില്‍ കലാശിച്ചതും.