സ്കൂളില്‍ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഒടുവില്‍ അദ്ധ്യാപകന്‍ ബസ് ഡ്രൈവറായി

ബെംഗളൂരു:സ്കൂളില്‍ നിന്നും കുട്ടികള്‍ ഒഴിഞ്ഞുപോകാതിരിക്കാനായി അധ്യാപകന്‍ സ്കൂള്‍ ബസ് ഡ്രൈവറായി. കര്‍ണ്ണാടകയിലെ ഉഡുപ്പി ജില്ലയിലെ ദ ബറാലി ഗവര്‍ണ്‍മെന്‍റ് ഹയര്‍ സെക്കന്‍റി സ്കൂളിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകനാണ് ഈ ബസ് ഡ്രൈവര്‍. കുട്ടികള്‍ സ്കൂളില്‍ കുറഞ്ഞുവരുന്നതിനെ തുടര്‍ന്ന് അധ്യാപകര്‍ പുതിയ വഴികള്‍ തേടുകയായിരുന്നു. അങ്ങനെയാണ്അധ്യാപകര്‍ സ്കൂള്‍ ബസ് എന്ന ആശയത്തിലേക്കെത്തുന്നത്.

എന്നാല്‍ സ്കൂളിനടുത്ത് താമസിക്കുന്ന ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകന്‍ രാജാറാം ബസ് ഡ്രൈവര്‍ എന്ന ചുമതല ഏറ്റെടുക്കുകയായിരുന്നു. പരിചയമുള്ള ആള്‍ ബസ് ഡ്രൈവറായെത്തിയാല്‍ കുട്ടികള്‍ക്ക് സുരക്ഷിതത്വം തോന്നുമെന്നും കുട്ടികളടെ കൊഴിഞ്ഞ് പോക്ക് തടയാമെന്നുമാണ് രാജാറാം പറയുന്നത്. രാവിലെ എ8.30 ന് വീട്ടില്‍ നിന്നും ഇറങ്ങുന്ന രാജാറാം ഒരു ദിവസം നാല് ട്രിപ്പാണ് കുട്ടികള്‍ക്ക് വേണ്ടി നടത്തുന്നത്. 9.20നുള്ളില്‍ സ്കൂളില്‍ മുഴുവന്‍ കുട്ടികളും എത്തിയതായി ഉറപ്പാക്കും. 

തങ്ങളുടെ ഉദ്യമം ശരിയായ രീതിയിലാണെന്ന് രാജാറാം പറയുന്നു. ബസ് ഡ്രൈവറായി പോകാന്‍ തുടങ്ങിയതോടെ കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് കുറഞ്ഞു. 60 കുട്ടികളെന്ന കണക്ക് ഇപ്പോള്‍ 90 ആയി. സ്കൂളില്‍ ആകെ നാല് അദ്ധ്യാപകരാണ് ഉള്ളത്. സ്കൂളിലെ ഏറ്റവും സമര്‍പ്പിത മനോഭാവമുള്ള അദ്ധ്യാപകനാണ് രാജാറാം എന്നാണ് ഹെഡ്‍മിസ്ട്രസ് പറയുന്നത്.