കവിത മോഷണ വിവാദത്തില്‍ ദീപ നിശാന്തില്‍ നിന്ന് വിശദീകരണം ചോദിക്കുമെന്ന് അധ്യാപക സംഘടനയായ എകെപിസിടിഎ. ആരും സംഘടനയ്ക്ക് അതീതരല്ല. അടുത്ത യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും എകെപിസിടിഎ

തിരുവനന്തപുരം: കവിത മോഷണവിവാദത്തില്‍ ദീപ നിശാന്തില്‍ നിന്ന് വിശദീകരണം ചോദിക്കുമെന്ന് അധ്യാപക സംഘടനയായ എകെപിസിടിഎ. ആരും സംഘടനയ്ക്ക് അതീതരല്ല.അടുത്ത യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും എകെപിസിടിഎ സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു. 

മോഷ്ടിച്ച കവിത എകെപിസിടിഎയുടെ ജേണലില്‍ പ്രസിദ്ധീകരിച്ചു വന്നതിലും തുടര്‍ന്നുണ്ടായ വിവാദത്തിലും കടുത്ത അത്യപ്തിയാണ് അംഗങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കുന്നത്. തുടക്കത്തില്‍ ദീപ നിശാന്ത് കൃത്യമായ വിശദീകരണം നല്‍കാത്തതും വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് പല അംഗങ്ങളും സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഈ സാഹചര്യത്തില്‍ അടുത്ത കമ്മിറ്റിക്ക് ശേഷം ദീപ നിശാന്തില്‍ നിന്നും വിശദീകരണം തേടും.

അടുത്ത ലക്കം മുതല്‍ ജേണലില്‍ പ്രസിദ്ധീകരിക്കും മുമ്പ് സൃഷ്ടികള്‍ കൃത്യമായി പരിശോധിക്കും. ഒരു അധ്യാപിക തന്നെ കവിത മോഷ്ടിച്ച് പ്രസിദ്ധീകരിച്ചത് അധ്യാപക സമൂഹത്തിനാകെ അവമതിപ്പുണ്ടാക്കി എന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. എന്തൊക്കെ വിശദീകരണം തന്നാലും അത് ന്യായീകരിക്കാനാകില്ലെന്ന നിലപാടിലാണ് എകെപിസിടിഎയിലെ ഭൂരിഭാഗം അംഗങ്ങളും. അതെസമയം തത്കാലം ദീപ നിശാന്തിനെതിരെ തത്കാലം നിയമനടപടിക്ക് പോകുന്നില്ലെന്ന നിലപാടിലാണ് കവി കലേഷ്.