ദില്ലി: ഡൽഹി കോർപറേഷൻ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രത്തിൽ വ്യാപക ക്രമക്കേട് നടന്നുവെന്നും, യന്ത്രത്തിന്‍റെ കോഡിൽ മാറ്റം വരുത്തി കൃത്രിമം നടത്താമെന്നും ആംആദ്മി എംഎൽഎ സൗരഭ് ഭരദ്വാജ് നിയമസഭയെ അറിയിച്ചു. നിയമസഭയിൽ ഡമ്മി വോട്ടിംഗ് യന്ത്രവുമായി എത്തിയാണ് ഭരദ്വാജ് ഈക്കാര്യം സഭയെ അറിയിച്ചത്. 

ഒരോ സ്ഥാനർഥിക്കും രഹസ്യ കോഡ് ഉണ്ടെന്നും ബിജെപി പ്രവർത്തകർ വോട്ട് രേഖപ്പെടുത്താൻ എന്ന വ്യാജേന പോളിംഗ് ബൂത്തുകളിൽ എത്തി രഹസ്യ കോഡിൽ മാറ്റം വരുത്തുന്നുവെന്നും ഭരദ്വാജ് സഭയെ അറിയിച്ചു.

പ്രത്യേക നിയമസഭ സമ്മേളനത്തിലായിരുന്നു ഭരദ്വാജ് ഈക്കാര്യം വെളിപ്പെടുത്തിയത്. ഭരദ്വാജിന്‍റെ ആരോപണത്തെ തുടർന്നു ബിജെപി എംഎൽഎമാർ സഭയിൽ ബഹളമുണ്ടാക്കി. സഭ നടപടികൾ ആരംഭിച്ചപ്പോൾതന്നെ പ്രതിപക്ഷ നേതാവ് വിജേന്ദർ ഗുപ്തയെ സ്പീക്കർ സഭയിൽനിന്നു പുറത്താക്കിയിരുന്നു.