ചെന്നൈ: ടെക്കി ചെന്നൈ വിമാനത്താവളത്തിന്റെ ഫ്ളൈ ഓവറില്‍നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് 28 കാരനായ ചൈതന്യ വുയുരു വിമാനത്താവളത്തിന്‍റെ ഫ്ളൈ ഓവറില്‍നിന്ന് വീണ് മരിച്ചത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാള്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു. ഫ്‌ളൈ ഓവറിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഇയാളുടെ ബാഗില്‍നിന്നാണ് പേരും വിലാസവും കണ്ടെത്തിയത്.
വിജയവാഡ സ്വദേശിയായ ഇയാള്‍ ബംഗളുരുവില്‍ സോഫ്റ്റ് വെയര്‍ കമ്പനിയിലെ ജീവനക്കാരനാണ്. ഫ്‌ളൈ ഓവറില്‍നിന്ന് വീണ് അപകടമുണ്ടാകാന്‍ സാധ്യത ഇല്ല. സുരക്ഷിതമായ ഉയരത്തിലാണ് ഇതിന്റെ കൈവരികള്‍. അതിനാല്‍ തന്നെ ഇയാള്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ പറയുന്നത്. എന്നാല്‍ ആത്മഹത്യ ചെയ്യാന്‍ മകന് പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് ചൈതന്യയുടെ രക്ഷിതാക്കള്‍ പറഞ്ഞു.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എല്ലാ സാധ്യതകളും അന്വേഷിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ചൈതന്യ തന്റെ ഭാഗുകള്‍ മുകളില്‍ ഉപേക്ഷിച്ചിരുന്നു. ചെരുപ്പ് ഭാഗിനടുത്ത് നിന്നാണ് കണ്ടെത്തിയത്. സെല്‍ഫി എടുത്തും ഫോണ്‍ വിളിച്ചും നടന്നുനീങ്ങിയ ചൈതന്യ എന്താണ് ചെരുപ്പ് ഊരി വച്ചതെന്നാണ് പൊലീസിനെ കുഴയ്ക്കുന്ന ചോദ്യം.
വിജയവാഡയിലെ വീട്ടില്‍നിന്ന് ബംഗളുരുവിലെ ജോലി സ്ഥലത്തേക്ക് പോകുകയാണെന്ന് പറഞ്ഞിറങ്ങിയ ചൈതന്യ എന്നാല്‍ ചെന്നൈയിലേക്കാണ് പോയത്. ചൈതന്യയുടെ പോക്കറ്റില്‍നിന്ന് ഐ ഫോണ്‍ ലഭിച്ചിരുന്നു. വീഴ്ചയില്‍ ഇത് തകര്‍ന്നിട്ടുണ്ട്. മരണത്തിന് തൊട്ടുമുമ്പ് ഇയാള്‍ സുഹൃത്തിനോട് സംസാരിച്ചിരുന്നതായി ഫോണില്‍നിന്ന് ലഭിച്ച സിം കാര്‍ഡില്‍നിന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
