കാവേരി നദീജലത്തര്‍ക്കം സംബന്ധിച്ച് സുപ്രീംകോടതി നിയോഗിച്ച ഉന്നതതല സാങ്കേതിക സമിതി തമിഴ്‌നാട്ടിലെ അണക്കെട്ടുകളില്‍ പരിശോധന തുടങ്ങി. സേലത്തടുത്തുള്ള മേട്ടൂര്‍ അണക്കെട്ടുള്‍പ്പടെയുള്ള കാവേരീ നദീതട പ്രദേശങ്ങളിലാണ് സംഘം പരിശോധന നടത്തുന്നത്. തമിഴ്‌നാട്ടിലെ ജലസേചനവകുപ്പ് മന്ത്രി എടപ്പടി കെ പളനിസാമിയുള്‍പ്പടെയുള്ള മന്ത്രിമാരും ഉദ്യോഗസ്ഥരും സമിതി അംഗങ്ങളെ അനുഗമിയ്ക്കുന്നുണ്ട്. സന്ദര്‍ശനത്തിന് മുന്നോടിയായി മേട്ടൂരില്‍ നടന്ന യോഗത്തില്‍ കര്‍ണാടകം വെള്ളം വിട്ടുതരാത്തതിനാല്‍ സംസ്ഥാനം വരള്‍ച്ചയുടെ പിടിയിലാണെന്ന് തമിഴ്‌നാട് സമിതിയെ അറിയിച്ചു. ഇരുസംസ്ഥാനങ്ങളുടെയും വാദം കേട്ട ശേഷം ഒക്ടോബര്‍ 17നുള്ളില്‍ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിയ്ക്കുമെന്ന് കേന്ദ്രജലബോര്‍ഡ് ചെയര്‍മാന്‍ ജി എസ് ഝാ വ്യക്തമാക്കി. കാവേരീ നദീതടത്തിലെ നാല് അണക്കെട്ടുകളും അവിടത്തെ ജലനിരപ്പും സമിതി നേരിട്ടുകണ്ട് വിലയിരുത്തും. ഈ റിപ്പോര്‍ട്ടിനനുസരിച്ചാകും സുപ്രീംകോടതി കാവേരീ നദീജലത്തര്‍ക്കത്തില്‍ വിധി പറയുക.