തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജോലി വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ടെക്നോപാര്‍ക്ക് ജീവനക്കാരന്‍ അറസ്റ്റില്‍. കോഴിക്കോട് ഏറാമല സ്വദേശി വിശാഖാണ് പൊലീസ് പിടിയിലായത്. കഴക്കൂട്ടം ടെക്നോപാര്‍ക്കില്‍ ജോലി ചെയ്തിരുന്ന വിശാഖ് അയല്‍വാസിയായും പ്രായപൂര്‍ത്തിയാകാത്തതുമായ പെണ്‍കുട്ടിയെ ബംഗളൂരുവില്‍ ജോലിവാങ്ങി നല്‍കിയാണ് കൂട്ടിക്കൊണ്ടുപോയത്.

മൂന്ന് മാസം ബാഗ്ലൂരിലെ ഒരു ലോഡ്ജില്‍ താമസിച്ച് പീഡിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന്‍ ഇയാളില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ അഭയം തേടി. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിശാഖ് പിടിയിലാകുന്നത്. കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കഴക്കൂട്ടം പോലീസാണ് പ്രതിയെ അറസ്റ്റുചെയ്തത്.

പെണ്‍കുട്ടിയുടെ രഹസ്യമൊഴി മജിസ്‍ട്രേറ്റ് രേഖപ്പെടുത്തി. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞു. പ്രതിയ്‌ക്കെതിരെ പോക്‌സോ നിയമ പ്രകാരവും, തട്ടികോണ്ട് പോകല്‍, പീഡിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തതായി കഴക്കൂട്ടം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.