ശബ്ദം കേട്ട് മാതാപിതാക്കൾ  മുറിയിൽ എത്തിയപ്പോൾ  മരിച്ച് കിടക്കുന്ന ഐറീനയെയാണ്  കണ്ടത്.

റഷ്യ: ചാര്‍ജ് ചെയ്യാനിട്ടിരുന്ന ഐഫോണില്‍ നിന്ന് ഷോക്കേറ്റ് ആയോധനകല താരത്തിന് ദാരുണാന്ത്യം. റഷ്യയിലെ ബര്‍ടെസ്‌ക് സ്വദേശിയായ ഐറീന റബ്ബിനിക്കോവയാണ് മരിച്ചത്. ബാത്ത് ടബ്ബിൽ കുളിക്കുന്നതിനിടെ ചാർജ് ചെയ്തു കൊണ്ടിരുന്ന ഫോണ്‍ ഉപയോഗിക്കുന്നതിനിടെയാണ് സംഭവം. മെസേജ് അയക്കുന്നതിനിടെ ഫോണ്‍ ബാത്ത് ടബില്‍ വീഴുകയായിരുന്നു. ഇതിന് പിന്നാലെ ഐറീനക്ക് വെള്ളത്തിലൂടെ ഷോക്കേൽക്കുകയായിരുന്നു.

ശബ്ദം കേട്ട് മാതാപിതാക്കൾ മുറിയിൽ എത്തിയപ്പോൾ മരിച്ച് കിടക്കുന്ന ഐറീനയെയാണ് കണ്ടത്. പതിനഞ്ചുകാരിയായ ഐറീന ആയോധനകല രംഗത്തെ ചാമ്പ്യന്‍ കൂടിയാണ്. റഷ്യയുടെ ദേശീയ ടീമിലേക്ക് ഐറീന തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

'സ്പോർട്സായിരുന്നു അവളുടെ ജീവവായു. സ്പോർട്സിൽ ഉയരങ്ങളിൽ എത്തുക എന്നതായിരുന്നു അവളുടെ സ്വപ്നം'- ഐറീനയുടെ മാതാവ് പറഞ്ഞു. ഇത്തരത്തിൽ കഴിഞ്ഞ വര്‍ഷം ഐഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് ബ്രിട്ടിഷ് യുവാവ് മരിച്ചിരുന്നു. ബാത്ത് റൂമില്‍ വെച്ച് ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ മുപ്പത്തിരണ്ടുകാരനായ റിച്ചാര്‍ഡ് ബുള്ളിനാണ് അപകടം സംഭവിച്ചത്.

ലോകത്ത് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരില്‍ ഏഴു ശതമാനം പേര്‍ കുളിക്കുമ്പോഴും ഫോണ്‍ ഉപയോഗിക്കുന്നവരാണെന്നാണ് അടുത്തിടെ പുറത്ത് വന്ന സര്‍വെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നത് അപകടം വരുത്തുമെന്ന് അറിഞ്ഞ ശേഷവും ഇത്തരത്തില്‍ ഫോണ്‍ ഉപയോഗിക്കുന്നവരുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത്തരത്തിൽ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിൽ അഞ്ച് പേരാണ് മരണപ്പെട്ടത്.