അമ്മയ്ക്കും അച്ഛനും മാപ്പെഴുതിവച്ച് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു

First Published 9, Mar 2018, 3:02 PM IST
teen girls commit suicide after write suicide note
Highlights
  • ആത്മഹത്യ ചെയ്തത് ഫ്‌ളാറ്റിന്റെ എട്ടാം നിലയില്‍നിന്ന് ചാടി

ഹൈദരാബാദ് : ഹൈദരാബാദിലെ സരൂര്‍നഗറിലെ ഫ്‌ളാറ്റിന്റെ എട്ടാം നിലയില്‍നിന്ന് ചാടി പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയതു. വ്യാഴാഴ്ച രാത്രിയാണ് ശ്രാവണി കലെയും ഭാര്‍ഗവി പട്ടേലും ആത്മഹത്യ ചെയ്തത്. 

ഇരവരും ബൈരമല്‍ഗുഡ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. 15 വയസ്സുള്ള കുട്ടികള്‍ പത്താംതരം സിബിഎസ്ഇ പരീക്ഷ എഴുതുന്നവരാണ്. ഇരുവരുടെയും ആത്മഹത്യയുടെ കാരണം ഇതുവരെയും വ്യക്തമല്ല. പരീക്ഷയില്‍ മികച്ച വിജയം നേടാന്‍ കഴിയില്ല എന്ന ധാരണയാകാം സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. 

ശ്രാവണി സുഹൃത്തായ ഭാര്‍ഗവിയുടെ വീട്ടിലേക്ക് ഒരുമിച്ച് പഠിക്കാനായാണ് എത്തിയത്. അവിടെ വച്ചാണ് ഇരുവരും സ്വയം ജീവനൊടുക്കിയത്. ഇരുവരും പഠിക്കാന്‍ ഇരിക്കുമ്പോള്‍ വീട്ടില്‍ ആരുംതന്നെ ഉണ്ടായിരുന്നില്ല. 6.30ഓടെ ഇരുവരും ഫ്‌ളാറ്റിന്റെ ബാല്‍കെണിയില്‍നിന്ന് ചാടുകയായിരുന്നു. 

വീട്ടില്‍നിന്ന് ശ്രാവണി എഴുതിയ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. അമ്മ, അച്ഛാ മാപ്പ്, തേജു, നിന്നെ എനിക്ക് മിസ് ചെയ്യുന്നു... എന്ന് ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കുന്നു. ശ്രാവണിയുടെ മൂത്ത സഹോദരനാണ് തേജു എന്ന തേജസ്. എന്നാല്‍ ഭാര്‍ഗവി ആത്മഹത്യാ കുറിപ്പ് എഴുതിയതായി കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. 


 

loader