കൂട്ടുകാരനെ തട്ടിക്കൊണ്ടുപോയി കൊന്ന് വിദ്യാര്‍ത്ഥികള്‍

ഗാസിയാബാദ്: ലക്ഷങ്ങളുടെ കടം വീട്ടാന്‍ 16 കാരനായ സുഹൃത്തിനെ കൂട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊന്നു. ആഢംബര ജീവിതത്തിനായി പരലോരാടായി വാങ്ങിയ ലക്ഷങ്ങള്‍ തിരിച്ച് നല്‍കാന്‍ പുണമില്ലാത്തതിനെ തുടര്‍ന്നാണ് പത്താംക്ലാസുകാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ സഹപാഠിയെ തട്ടിക്കൊണ്ടുപോയത്. എന്നാല്‍ തട്ടിക്കൊണ്ടുപോകുന്നതിനിടെ മോട്ടോര്‍ സൈക്കിളില്‍നിന്ന് വീണ് വിദ്യാര്‍ത്ഥിയ്ക്ക് തലയില്‍ മാരകമായി മുറിവേറ്റിരുന്നു. തുടര്‍ന്നാണ് ഇവര്‍ സുഹൃത്തിനെ കൊന്നുകളഞ്ഞത്. 

ഗാസിയാബാദിലെ വൈശാലി സ്വദേശിയായ പ്രമോദ് ശര്‍മ്മ ഏപ്രില്‍ 17ന് തന്‍റെ മകനെ കാണാനില്ലെന്ന് അറിയിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് സംശയാസ്പദാമായി രണ്ട് വിദ്യാര്‍ത്ഥികളെയും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തെ കുറിച്ച് വ്യക്തമായത്. തങ്ങള്‍ സുഹൃത്തിനെ കൊലപ്പെടുത്തിയതായി ഇരുവരും സമ്മതിക്കുകയായിരുന്നു. 2.5 ലക്ഷം രൂപയുടെ കടമാണ് ഇവരിലൊരാള‍ക്ക് കൊടുത്ത് തീര്‍ക്കാനുണ്ടായിരുന്നത്. 

സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി രക്ഷിതാക്കളില്‍നിന്ന് പണം തട്ടാമെന്നായിരുന്നു പദ്ധതി. ഇതിനായി ഏപ്രില്‍ 16ന് കംപ്യൂട്ടര്‍ സംബന്ധമായ സംശയം തീര്‍ക്കാനെന്ന വ്യാജേന കുട്ടിയെ വിളിച്ച് വരുത്തുകയായിരുന്നു. പിന്നീട് ഇവര്‍ സുഹൃത്തിന് മയങ്ങാനുള്ള മരുന്ന് കലര്‍ത്തിയ വെള്ളം നല്‍കി. തുടര്‍ന്ന് കുട്ടിയെയും കൊണ്ട് മോട്ടോര്‍ സൈക്കിളില്‍ പോകുന്നതിനിടെ മയങ്ങി വീണ് മാരകമായി തലയ്ക്ക് മുറിവേറ്റിരുന്നു. ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാതെ നിന്ന ഇരുവരും ചേര്‍ന്ന് സുഹൃത്തിനെ മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. കുട്ടിയുടെ മൃതദേഹം കണ്ടെത്തി പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു.