സെക്യൂരിറ്റി ജീവനക്കാരന്‍റെ തോക്ക് പിടിച്ചു വാങ്ങി ക്യാഷറെ കൊലപ്പെടുത്തിയ സംഘം മൂന്ന് ലക്ഷത്തോളം രൂപയാണ് കൊള്ളയടിച്ചത്. 


ദില്ലി: രാജ്യതലസ്ഥാനത്തെ കോര്‍പറേഷൻ ബാങ്ക് ശാഖയില്‍ തോക്കു ചൂണ്ടി മൂന്ന് ലക്ഷത്തോളം രൂപ കവര്‍ന്ന സംഭവത്തില്‍ 19 വയസ്സുകാരന്‍ പിടിയില്‍. കൊള്ള സംഘം ഉപയോഗിച്ച ബൈക്കും പൊലീസ് പിടികൂടി. കൂടെയുണ്ടായിരുന്ന അഞ്ച് കൊള്ളക്കാര്‍ക്ക് വേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കവര്‍ച്ചാശ്രമം ചെറുത്ത ക്യാഷറെ കൊള്ളക്കാര്‍ വെടിവച്ചു കൊന്നിരുന്നു.

കഴിഞ്ഞ ദിവസം വൈകീട്ടാണ് ഹെല്‍മറ്റ് ധരിച്ചും മുഖം മറച്ചുമെത്തിയ ആറംഗ സംഘം ദ്വാരകയിലെ കോര്‍പറേഷൻ ബാങ്ക് ശാഖ കൊള്ളയടിച്ചത്. ഇവരെ തടയാന്‍ ശ്രമിച്ച ക്യാഷര്‍ കുമാറിനെ കൊള്ളസംഘം വെടിവച്ചു കൊന്നിരുന്നു . സെക്യൂരിറ്റി ജീവനക്കാരന്‍റെ തോക്ക് പിടിച്ചു വാങ്ങി ക്യാഷറെ കൊലപ്പെടുത്തിയ സംഘം മൂന്ന് ലക്ഷത്തോളം രൂപയാണ് കൊള്ളയടിച്ചത്. 

ഈ സംഘത്തില്‍ ഉള്‍പ്പെട്ട ഒരാളാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. കൊള്ള സംഘത്തിലെ എല്ലാവരെയും തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ഇവരെ പിടികൂടാന്‍ പ്രത്യേക സംഘങ്ങളെ നിയോഗിച്ചു കഴിഞ്ഞു. നോയിഡയിലെ പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിലെ മോഷണ ശ്രമം തടഞ്ഞ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ കഴിഞ്ഞ മാസം വെടിയേറ്റു മരിച്ചു