ബംഗളുരു: സ്വവര്‍ഗാനുരാഗിയെന്ന് ആരോപിച്ച് പെണ്‍കുട്ടിക്ക് ഹോസ്റ്റലില്‍ ക്രൂരപീഡനം. കര്‍ണാടകയിലെ ഒരു കോണ്‍വന്റ് ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്ന വിദ്യാര്‍ത്ഥിനിക്കാണ് ക്രൂരമായ പീഡനം നേരിട്ടത്. സ്വവര്‍ഗാനുരാഗിയാണെന്ന ആരോപണത്തിന്റെ പേരില്‍ പല തവണ പീഡനം നേരിട്ടിട്ടുണ്ടെന്ന് പെണ്‍കുട്ടി പറയുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ അവസാന വാരത്തിലാണ് ഏറ്റവും ക്രൂരമായ പീഡനം നേരിട്ടത്. ഹോസ്റ്റല്‍ വാര്‍ഡനായ കന്യാസ്ത്രീയുടെ നേതൃത്വത്തിലായിരുന്നു പീഡനം.
മറ്റ് രണ്ട് വിദ്യാര്‍ത്ഥിനികളുടെ സഹായത്തോടെ ബലമായി പിടിച്ചു വയ്ക്കുകയും കണ്ണില്‍ മുളക് പൊടി ഇടുകയും ചെയ്തതായി പെണ്‍കുട്ടി പറഞ്ഞു. പീഡന വിവരം പെണ്‍കുട്ടി പുറത്ത് പറഞ്ഞിരുന്നില്ല. പെണ്‍കുട്ടിയുടെ ശാരീരികാവസ്ഥ കണ്ട് സഹപാഠികള്‍ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് സഹപാഠികള്‍ പെണ്‍കുട്ടിയുടെ സഹോദരനെ വിവരം അറിയിക്കുകയായിരുന്നു. മണിപ്പൂര്‍ സ്വദേശിയാണ് പെണ്‍കുട്ടി. പീഡന വിവരം അറിഞ്ഞ് സഹോദരന്‍ ബംഗളുരുവില്‍ എത്തിയിട്ടുണ്ട്.
സംഭവത്തില്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. സംസ്ഥാന ബാലാവകാശ കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട്. പ്രാഥമികാന്വേഷണത്തിനായി സ്‌കൂളിലെത്തി പെണ്‍കുട്ടിയെ സന്ദര്‍ശിച്ചതായി ജില്ലാ ശിശു സംരക്ഷണ സമിതി ഓഫീസര്‍ കുമാര സ്വാമി അറിയിച്ചു. തിങ്കളാഴ്ച വീണ്ടും സ്‌കൂള്‍ സന്ദര്‍ശിക്കുമെന്ന് കുമാര സ്വാമി അറിയിച്ചു. കൂടുതല്‍ മൊഴിയെടുക്കലിന് ശേഷം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് കുമാരസ്വാമി അറിയിച്ചു.
