ഫരീദാബാദ്: സഹപാഠിയുടെ തലയില്‍ സിന്ദുരമിട്ടതിന് വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലേക്ക് അയച്ചു. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതി അനുസരിച്ച് പോക്സോ നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഹരിയാന പൊലീസ് കേസെടുത്തത്.

കഴിഞ്ഞ തിങ്കളാഴ്ച നടന്ന സംഭവത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ഫറൂഖ് നഗറില്‍ ഒരേ സ്കൂളിലെ വിദ്യാര്‍ത്ഥികളായ ഇരുവരും സ്കൂളിലേക്ക് പോകുന്നതിനിടെ അപ്രതീക്ഷിതമായി ബലം പ്രയോഗിച്ച് തന്റെ തലയില്‍ സഹപാഠി ചുവന്ന ചായം തേച്ചതെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് താന്‍ അടിതെറ്റി റോഡില്‍ വീണെന്നും പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ സിന്ദുരമല്ല ചുവന്ന പൊടിയാണ് പെണ്‍കുട്ടിയുടെ തലയില്‍ ഇട്ടതെന്നാണ് പ്രതിയാക്കപ്പെട്ട ആണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പറയുന്നത്. സംഭവത്തിന് ശേഷം എടുത്ത ഫോട്ടോകള്‍ പരിശോധിച്ചുവെന്നും തലയില്‍ ഇട്ടെന്ന് പറയപ്പെടുന്ന പൊടി വിദഗ്ദ പരിശോധനയ്ക്ക് വിധേയമാക്കിയെന്നും പൊലീസ് പറയുന്നു.

ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ മുന്നില്‍ ഹാജരാക്കിയ വിദ്യാര്‍ത്ഥിയെ 14 ദിവസത്തേക്ക് ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയക്കാന്‍ വിധിക്കുകയായിരുന്നു. എന്നാല്‍ നിസ്സാരമായ കുറ്റത്തിന്റെ പേരില്‍ പൊലീസ്, പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം ചേര്‍ന്ന് തങ്ങളെ ദ്രോഹിക്കുകയായിരുന്നുവെന്നാണ് ആണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ആരോപിക്കുന്നത്. അതേസമയം പെണ്‍കുട്ടിയുടെ തലയില്‍ ഇട്ട പൊടി വീട്ടില്‍ നിന്ന് കൊണ്ടുവന്നതാണോ അതോ എവിടെ നിന്നെങ്കിലും വാങ്ങിയതാണോ എന്ന കാര്യം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പൊലീസിന്റെ വാദം