ലഖ്നൗ: പത്ത് ദിവസം കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്‌തെന്ന് പതിനാറുകാരിയുടെ വെളിപ്പെടുത്തല്‍. കൂട്ടമാനഭംഗത്തിന്റെ ക്രൂരത വെളിപ്പെടുത്തി പെണ്‍കുട്ടി പോലീസിന് നല്‍കിയ പരാതിയിലുള്ളത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. ഉത്തര്‍പ്രദേശ് മുസാഫര്‍നഗര്‍ സ്വദേശിനിയാണ് നാല് യുവാക്കള്‍ ചേര്‍ന്ന് തന്നെ 10 ദിവസം ബന്ദിയാക്കി പീഡിപ്പിച്ചുവെന്ന പരാതിയുമായി എത്തിയത്. തന്നെ നിര്‍ബന്ധിച്ച് മാംസം കഴിപ്പിച്ചുവെന്നും മതം മാറാന്‍ നിര്‍ബന്ധിച്ചുവെന്നും പരാതിയില്‍ പറയുന്നു. 

സംഭവത്തില്‍ അക്രം, അസ്ലം, ആയൂബ്, സലിം എന്നിവര്‍ക്കെതിരെ പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മൊഹമ്മദ് റിസ്വാന്‍ പറയുന്നു. ഈ മാസം ആറിന് മുസാഫര്‍നഗറില്‍ അമ്മയുടെ വീട്ടില്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. ബസ് കാത്തുഫനില്‍ക്കുന്നതിനിടെ മുസാഫര്‍നഗറിലേക്ക് ലിഫ്ട് വാഗ്ദാനം ചെയ്ത് നാലു യുവാക്കള്‍ തന്നെ കാറില്‍ കയറ്റി. യുവാക്കളെ മുന്‍ പരിചയമുള്ളതിനാല്‍ കാറില്‍ കയറി. 

കാറില്‍ കയറിയ ഉടന്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. കറുത്ത തുണി കൊണ്ട് കണ്ണുകെട്ടി വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. മാംസം കഴിക്കാനും മതം മാറാനും നിര്‍ബന്ധിച്ചു. 16ന് ഗംഗ കനാല്‍ പാലത്തിനു സമീപം ഇറക്കി വിടുകയായിരുന്നുവെന്നും പോലീസില്‍ പരാതിപ്പെട്ടാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. 

സംഭവം പെണ്‍കുട്ടി മാതാപിതാക്കളോട് വിവരിക്കുകയും അവരുടെ നിര്‍ദേശപ്രകാരം പോലീസിനെ അറിയിക്കുകയുമായിരുന്നു. പോക്സോ ആക്ട് പ്രകാരവും മറ്റ് വകുപ്പുകള്‍ പ്രകാരവും പ്രതികള്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു