ദില്ലി: കാമുകിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് അറിഞ്ഞ കാമുകന്‍ പുതിയ കാമുകന് മുന്നില്‍ വെച്ച് പെണ്‍കുട്ടിയെ വെടിവെച്ചു കൊന്നു. 23 വയസ്സുകാരനായ സുബം ഗുപ്തയാണ് 17 വയസ്സുകാരിയായ കാമുകി സിമ്രാനെ കൊലപ്പെടുത്തിയത്. സിമ്രാന് സഹപാഠിയായ നിതിനുമായുള്ള ബന്ധമാണ് സുബനെ കൊലയ്ക്ക് പ്രേരിപ്പിച്ചത്. സംഭവ സമയത്ത് നിതിനും സംഭവ സ്ഥലത്തുണ്ടായിരുന്നു. 

കഴിഞ്ഞ ദിവസമാണ് സിമ്രാനെ സുബം കാറില്‍ വിളിച്ചു കൊണ്ടു വന്നത്. ഇതിനിടെ പലതവണ സിമ്രാന്റെ ഫോണിലേയ്ക്ക് നിതിന്‍ വിളിച്ചു. നേരത്തേ തന്നെ ഇവരുടെ ബന്ധമറിഞ്ഞ സുബം സിമ്രാനെ ശാസിച്ചിരുന്നു. ഇതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന് കുറുകേ നിതിന്‍ ബൈക്കില്‍ എത്തിയത് വഴക്കിന് കാരണമായി. 
വഴക്കിനിടെ സുബം സിമ്രാനെ വെടി വെയ്ക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ സുബനെ പോലീസ് കസ്റ്റഡിയിലെടുത്തു. 

സുബന്റെയും സിമ്രാന്റെയും വീട്ടുകാര്‍ക്ക് ഇവരുടെ ബന്ധം അറിയാമായിരുന്നു. ഇതിനിടെ നിതിന്‍റെ ബര്‍ത്ത് ഡേ പാര്‍ട്ടിക്കും മറ്റും സിമ്രാന്‍ പോയതും സുബനെ ചൊടിപ്പിച്ചിരുന്നു. ഇതാണ് പെണ്‍കുട്ടിയുടെ മരണത്തില്‍ കലാശിച്ചത്.