ഒരു സ്ത്രീ അടക്കം നാല് പേര്‍ അറസ്റ്റില്‍
ദില്ലി: ദില്ലിയിലെ മസാജ് സെന്‍റര്‍ കേന്ദ്രീകരിച്ചുള്ള പെണ്‍വാണിഭത്തില്‍ ഒരു സ്ത്രീ അടക്കം നാല് പേര്‍ അറസ്റ്റില്‍. പതിനാറുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്. രവി, റിങ്കി, രോഹിത്, മുകേഷ് എന്നിവരാണ് പിടിയിലായത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി ബന്ധുക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തില്‍ പെണ്‍കുട്ടി പതിനെട്ടുകാരനായ അഭിഷേകിന്‍റെ കൂടെയാണെന്ന് കണ്ടെത്തി. അവള്‍ അമ്മയുമായി ഫോണില്‍ ബന്ധപ്പെടുകയും റോഹിണി പ്രദേശത്ത് ഉണ്ടെന്നും വ്യക്തമാക്കി. അമ്മ സ്ഥലത്തെത്തുകയും മകളെ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കുകയും ചെയ്തു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷം പൊലീസ് മൊഴി രേഖപ്പെടുത്തി.
പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ അഭിഷേക് അവളെ ഹരിധ്വാറിലെത്തിക്കുകയായിരുന്നു. അവിടെ വച്ച് അഭിഷേക് അവളെ ലൈംഗികമായി പീഡിപ്പിച്ചു. നാല് ദിവസത്തിന് ശേഷം ദില്ലിയില്‍ തിരിച്ചെത്തിയ ഇവര്‍ ദില്ലിയിലെ റെയില്‍വേ സ്റ്റേഷനില്‍വച്ച് രവിയെ പരിചയപ്പെടുകയും ഇയാള്‍ ഇവര്‍ക്ക് താമസവും ജോലിയും വാഗ്ദാനം ചെയ്യുകയുമായിരുന്നു. രവി പിന്നീട് ഇരുവരെയും തന്‍റെ ഗാസിയാബാദിലെ വീട്ടിലേക്ക് കൊണ്ടുപോയി. പിറ്റേന്ന് രവിയ്ക്കൊപ്പം വീട്ടില്‍നിന്ന് പുറത്തിറങ്ങിയ അഭിഷേക് പിന്നീട് തിരിച്ച് വന്നില്ല. വീട്ടിലേക്ക് മടങ്ങിയെത്തിയ രവി അഭിഷേകിന് ജോലി നല്‍കിയെന്നും അടുത്ത ദിവസംഅയാള്‍ തിരച്ചെത്തുമെന്നും വിശ്വസിപ്പിച്ചുവെന്നും പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പറയുന്നു.
അതേദിവസം രാത്രി രവിയുടെ ഭാര്യ റിങ്കി പെണ്‍കുട്ടിയെ തനിച്ചാക്കി വീട് വിട്ട് പുറത്ത് പോയി. ആ ദിവസം രാത്രി രവി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. പിറ്റേന്ന് രാവിലെ വീട്ടിലേക്ക് തിരിച്ചുവന്ന റിങ്കിയോട് നടന്ന സംഭവങ്ങളെല്ലാം തുറന്ന് പറഞ്ഞിട്ടും അവര്‍ കാര്യമാക്കിയില്ല. തന്‍റെ പ്രശ്നങ്ങള്‍ നിസ്സാരമായി തളളിക്കളഞ്ഞതിന് ശേഷം തനിയ്ക്ക് അവര്‍ ഭക്ഷണം നല്‍കുകയാണ് ചെയ്തതെന്നും അവള്‍ പറഞ്ഞു. ഭക്ഷണം കഴിച്ചതോടെ അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറുകയും ഇയാള്‍ പെണ്‍കുട്ടിയെ ഒരു സ്പായില്‍ എത്തിക്കുകയുമായിരുന്നു. അശോക് ഗോയല്‍ എന്ന ആള്‍ക്കാണ് പെണ്‍കുട്ടിയെ രവി കൈമാറിയത്. ഇയാള്‍ തന്നെ പീഡിപ്പിക്കുകയും തുടര്‍ന്ന് സ്പായില്‍ വരുന്ന ആളുകള്‍ക്ക് കാഴ്ച വയ്ക്കുകയായിരുന്നുവെന്നും അവള്‍ വ്യക്തമാക്കി.
പെണ്‍കുട്ടിയുടെ മൊഴി പ്രകാരം കേസെടുത്ത പൊലീസ് അഭിഷേകിനെ അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടി ഹരിധ്വാറില്‍ കൊണ്ടുപോയതായും ലൈംഗികമായി പീഡിപ്പിച്ചതായും ഇയാള്‍ സമ്മതിച്ചു. ഗാസിയാബാധിലെ വീട്ടില്‍നിന്ന് പിടിയിലായ രവിയും റിങ്കിയും, മറ്റ് മൂന്ന് പേരുടെ സഹായത്തോടെ പെണ്‍കുട്ടിയെ വിറ്റതായി പൊലീസിന് മൊഴി നല്‍കി. റോഹിയണിയില്‍നിന്ന് സ്പാ ഉടമയുടെ സഹായികളായ രണ്ട് പേരെ അറസ്റ്റ് ചെയ്ത പൊലീസ് ഉടമയ്ക്കും മറ്റുള്ളവര്‍ക്കുമായുള്ള തെരച്ചിലിലാണ്.
