ശ്രീനഗര്‍: രണ്ട് ദിവസത്തെ സമാധാനാന്തരീക്ഷത്തിനുശേഷം ജമ്മു കശ്‍മീരില്‍ വീണ്ടും സംഘര്‍ഷം. ഇന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സൈന്യവും പ്രകടനക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ബാരാമുള്ള നദിഹാല്‍ സ്വദേശി ഡാനിഷ് മന്‍സൂറാണ്(18) കൊല്ലപ്പെട്ടത്. ഇതോടെ കശ്മീരില്‍ രണ്ടുമാസമായി തുടരുന്ന സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 72 ആയി ഉയര്‍ന്നു.

ബാരാമുള്ളയില്‍ ഇന്ന് രാവിലെ നടന്ന പ്രകടനം അക്രമാസക്തമാകുകയായിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ അഞ്ചു പേരില്‍ മൂന്ന് പേരെ ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്. 54 ദിവസമായി തുടരുന്ന സംഘര്‍ഷത്തിന് കഴിഞ്ഞദിവസം അല്‍പം അയവ് വന്നതിനെത്തുടര്‍ന്ന് പല സ്ഥലങ്ങളിലും കര്‍ഫ്യൂവില്‍ ഇളവ് നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് രാവിലെ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് വീണ്ടും നിരോധനാഞ്ജ ഏര്‍പ്പെടുത്തി.

കശ്‍മിരില്‍ നാലാം തീയതി സര്‍വ്വകക്ഷി സംഘം സന്ദര്‍ശനം നടത്തുന്നുണ്ട്.അതിന് മുന്നോടിയായി മൂന്നാം തീയതി കക്ഷിനേതാക്കളുടെ യോഗം മൂന്നിന് പാര്‍ലമെന്റ് മന്ദിരത്തില്‍ യോഗം ചേരും. ഇതിനിടെ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പാകിസ്ഥാന്‍ തീവ്രവാദ സംഘടനകളെ നിര്‍മ്മിക്കുന്ന കേന്ദ്രമാണെന്ന് ആരോപിച്ചു. ദില്ലി ഐഐടിയിലെ വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു കെറി. തീവ്രവാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും കൈകോര്‍ക്കണമെന്നും കെറി ആവശ്യപ്പെട്ടു.