ന്യൂഡല്‍ഹി: സ്വവര്‍ഗാനുരാഗിയെന്ന് ആരോപിച്ച് 12 വയസ്സുകാരനെ ആളുകള്‍ തല്ലിച്ചതച്ചു. ഷകര്‍പൂര്‍ മേഖലയിലെ ഗണേഷ് നഗറിന് സമീപം ഞായറാഴ്ചയായിരുന്നു സംഭവം. കുട്ടി പിതാവിനോടൊപ്പം ഗണേഷ് നഗറിലെ കടയിലേക്ക് പോകുകയായിരുന്നു.

ബൈക്കിലെത്തിയ രണ്ടംഗ സംഘം കുട്ടിയുടെ അടുത്തെത്തി സ്വവര്‍ഗാനുരാഗിയെന്ന് വിളിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചപ്പോള്‍ ഇരുവരും തമ്മില്‍ വാക്കേറ്റമായി. തുടര്‍ന്ന് പ്രദേശവാസികള്‍ ഇരുകൂട്ടരെയും സമാധാനിപ്പിച്ചതിനെ തുടര്‍ന്ന് ബൈക്കിലെത്തിയവര്‍ പിരിഞ്ഞുപോയി.

അല്പം സമയത്തിനകം പിതാവിന്റെ കടയിലേക്ക് കൂടുതല്‍ ആളുകളുമായി എത്തുകയും കുട്ടിയെ തല്ലിച്ചതയ്ക്കുകയുമായിരുന്നു. ഇതില്‍ പിതാവിനും ബന്ധുവിനും പരിക്കേറ്റു. കല്ലുകളും ബെല്‍റ്റുകളും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമികളെ പിടികൂടിയിട്ടില്ല.