കോഴിക്കോട്: മുത്തലാഖ് ബില്ലിലൂടെ മുസ്ലിം സ്‌ത്രീകളുടെ രക്ഷകരായി ചമയാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമമെന്ന് സാമൂഹ്യപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ്. ക്രിമിനല്‍ വ്യവസ്ഥ ഒഴിവാക്കുന്നതടക്കം ബില്ലില്‍ അടിമുടി മാറ്റം ആവശ്യമെന്നും റ്റീസ്ത സെതല്‍വാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

രാജ്യത്തെ മുസ്ലിം സ്‌ത്രീകളുടെ മുന്നേറ്റത്തിന്റെ ഭാഗമായാണ് മുത്തലാഖ് പ്രശ്നം ഉയര്‍ന്നു വന്നത്. എന്നാല്‍ രക്ഷകവേഷം ചമഞ്ഞെത്തുന്ന ബിജെപി രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് റ്റീസ്ത സെതല്‍വാദ് ആരോപിക്കുന്നു. മുത്തലാഖ് ബില്‍ വളരെ പരിമിതികളുള്ളതാണ്. അത് സെക്ട് കമ്മിറ്റിക്ക് വിടുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടില്ലെന്ന് പിടിവാശി പിടിക്കുന്ന സര്‍ക്കാര്‍, ചര്‍ച്ചകളില്‍നിന്ന് ഒളിച്ചോടുകയാണ്. ഭരണഘടനയെ വെല്ലുവിളിക്കുന്ന മന്ത്രിമാര്‍ നിയമത്തെക്കുറിച്ച് വാചാലരാകുന്നു. മുത്തലാഖിനെക്കുറിച്ച് അഭിപ്രായം പറയുന്ന കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് ഭൂരിപക്ഷ രാഷ്‌ട്രീയത്തിലൂടെ മന്ത്രിയായ ആളാണെന്നും അവര്‍ക്ക് ഭരണഘടനയില്‍ പോലും വിശ്വാമില്ലെന്നും ടീസ്റ്റ പറഞ്ഞു.

ജാതീയതയുടെ വേരുകള്‍ തിരിച്ചറിഞ്ഞാലെ വര്‍ഗ്ഗീയതയെ ചെറുക്കാനാകൂ. ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം ഇക്കാര്യം ശരിവയ്‌ക്കുന്നതാണെന്നും ടീസ്റ്റ പറഞ്ഞു. മുക്കം ദയാപുരത്ത് രാജ്യാന്തര സെമിനാറില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ടീസ്ത.