നാമനിര്‍ദ്ദേശ പത്രികയുടെ സമയം കഴിഞ്ഞെന്ന പ്രതികരണത്തിലൂടെ 13 മണ്ഡലങ്ങളിലെ മഹാസഖ്യ പോരില്‍ നിന്ന് പിന്നോട്ടില്ലെന്ന സൂചനകൂടിയാണ് തേജസ്വി നല്‍കുന്നത് 

ദില്ലി: മഹാസഖ്യത്തില്‍ ഭിന്നത തുടരുന്നതിനിടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി സ്വയം പ്രഖ്യാപിച്ച ് തേജസ്വി യാദവ്. അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് വമ്പന്‍ പദ്ധതികള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. മഹാസഖ്യ നേതാക്കളെ ഒപ്പം കൂട്ടാതെ തേജസ്വി ഒറ്റക്ക് വാര്‍ത്താ സമ്മേളനം നടത്തി. അനുനയ നീക്കത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസ് നേതാവ് അശോക് ഗലോട്ട് തേജസ്വി യാദവിനെ കണ്ടു.

വാര്‍ത്താ സമ്മേളനത്തിലുടനീളം ബിഹാറിനെ നയിക്കുമെന്ന് ആവര്‍ത്തിച്ചാണ് മഹസഖ്യത്തിന്‍റെ മുഖം താന്‍ തന്നെയെന്ന് തേജസ്വിയാദവ് അവകാശപ്പെട്ടത്. സ്ത്രീകള്‍ക്ക് പ്രതിമാസ സഹായമായി പതിനായിരം രൂപയാണ് നിതീഷ് കുമാര്‍ പ്രഖ്യാപിച്ചതെങ്കില്‍ സര്‍ക്കാരിന്‍റെ സന്നദ്ധ പ്രവര്‍ത്തകരായ സ്ത്രീകള്‍ക്ക് മുപ്പതിനായിരം രൂപ തേജസ്വി പ്രതിമാസ സഹായമായി പ്രഖ്യാപിച്ചു. ജീവിക ദീദിമാരുടെ ജോലി സ്ഥിരമാക്കുമെന്നും വാഗ് ദാനം ചെയ്തു. മാ ബേട്ടി പദ്ധതിക്കായും പ്രതിമാസം മുപ്പതിനായിരം രൂപ നീക്കി വയ്ക്കുമെന്ന് തേജസ്വി പറഞ്ഞു. ഒരു വീട്ടില്‍ ഒരു സര്‍ക്കാര്‍ ജോലിയെന്ന പ്രഖ്യാപനത്തിന്‍റെ തുടര്‍ നടപടികള്‍ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ തുടങ്ങുമെന്നും തേജസ്വി യാദവ് അറിയിച്ചു.

തേജസ്വിയുടെ പ്രഖ്യാപനം ബിജെപി തള്ളി. അഴിമതിയിലൂടെ ബിഹാറിനെ ചൂഷണം ചെയ്ത ലാലപ്രസാദിന്‍റെയും, റാബറി ദേവിയുടെയും മകനാണ് തേജസ്വിയെന്ന കാര്യ മറക്കേണ്ടെന്നായിരുന്നു ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിയുടെ പ്രതികരണം

നാമനിര്‍ദ്ദേശ പത്രികയുടെ സമയം കഴിഞ്ഞെന്ന പ്രതികരണത്തിലൂടെ 13 മണ്ഡലങ്ങളിലെ മഹാസഖ്യ പോരില്‍ നിന്ന് പിന്നോട്ടില്ലെന്ന സൂചനകൂടിയാണ് തേജസ്വി നല്‍കുന്നത്. സീറ്റുകളുടെ കാര്യത്തിലും, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിലും കടുപിടുത്തം തുടരുന്ന തേജസ്വിയെ അനുനയിപ്പിക്കാന്‍ അശോക് ഗലോട്ടും , സംസ്ഥാനത്തിന്‍റെ ചുമതലയുള്ള കൃഷണ അല്ലാവരുവും വീട്ടിലെത്തി കണ്ടു. നാളെ സംയുക്ത വാര്‍ത്ത സമ്മേളനം നടത്താനുള്ള സാധ്യത പരിശോധിക്കുന്നുണ്ട്.