ടെല്‍ അവീവ്: ടെല്‍അവീവ് ആക്രണത്തെ ചൊല്ലി ഇസ്രയേല്‍ പലസ്തീന്‍ ബന്ധം വഷളാവുന്നു. റമദാന്‍ പ്രമാണിച്ച് രാജ്യത്ത് പ്രവേശിക്കുന്നതിന് പലസ്തീനികള്‍ക്ക് നല്‍കിയിരുന്ന വിസ ഇസ്രയേല്‍ റദ്ദാക്കി. ഇസ്രയേല്‍ പലസ്തീന്‍ അതിര്‍ത്തിയിലെ വെസ്റ്റ് ബാങ്കില്‍ കൂടുതല്‍ സൈനികരേയും വിന്യസിച്ചു. 

ഇന്നലെ രാത്രി ടെല്‍ അവീവിലുണ്ടായ ആക്രണത്തില്‍ നാലു പേര്‍ മരിച്ചതാണ് ഇസ്രയേലിനെ ചൊടിപ്പിച്ചത്. പ്രതിരോധ മന്ത്രാലത്തിന് സമീപമുള്ള ഒരു ഹോട്ടലില്‍ അതിക്രമിച്ചു കയറിയ രണ്ട് പേര്‍ അവിടെ ഉണ്ടായിരുന്ന ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പില്‍ നാലുപേര്‍ മരിച്ചു. 

അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇതിന് പിന്നില്‍ പലസ്തീനികളാണെന്നാരോപിച്ചാണ് കടുത്ത നടപടികളുമായി ഇസ്രയേല്‍ രംഗത്തെത്തിയത്. ഇതിന്‍റെ ഭാഗമായാണ് എണ്‍പത്തിമൂവായിരം വിസ ഇസ്രയേല്‍ റദ്ദാക്കിയത്. റമദാനോടനുബന്ധിച്ച് ഇസ്രയേലിലെ ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനും അല്‍ അഖ്സ പള്ളിയില്‍ ആരാധന നടത്തുന്നതിനും പല്സ്തീനികള്‍ക്ക് നല്‍കിയ വിസകളാണ് റദ്ദാക്കിയത്. 

പിടിയിലായ ആക്രമികളിലൊരാളുടെ ബന്ധുക്കള്‍ക്ക് നല്‍കിയ വിസയും ഇതിനൊപ്പം റദ്ദാക്കിയിട്ടുണ്ട്. വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ പ്രതിരോധ യൂണിറ്റായ കൊഗാട്ടാണ് ഇതിനുള്ള നടപടികള്‍ സ്വീകരിച്ചത്. അക്രമികള്‍ വന്നതെന്ന് സംശയിക്കുന്ന പലസ്തീനിലെ യാട്ട നഗരത്തിന്‍റെ നിയന്ത്രണം ഇസ്രയേല്‍ ഏറ്റെടുത്തിട്ടുണ്ട്. 

മോസ്കോ സന്ദര്‍ശിക്കുകയായിരുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സന്ദര്‍ശനം വെട്ടിച്ചുരുക്കി തിരിച്ചെത്തി സംഭവസ്ഥലം സന്ദര്‍ശിച്ചു. ആക്രമണത്തില്‍ നടുക്കം രേഖപ്പെടുത്തിയ നെതന്യാഹു കടുത്ത നടപടികള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ഒക്ടോബറിന് ശേഷം ഇതുവരെ നടന്ന വിവിധ ആക്രണങ്ങളില്‍ 207 പലസ്തീനികളും 32 ഇസ്രയേലികളും കൊല്ലപ്പെട്ടതായാണ് കണക്ക്.