ശരത് കൊപ്പുവിന്റെ കൊലപാതകം പ്രതി പൊലീസ് ഏറ്റുമുട്ടലിൽ വെടിയേറ്റ് കൊല്ലപ്പെട്ടു ഇന്നലെയാണ് സംഭവം
ടെക്സാസ്: തെലങ്കാന സ്വദേശിയായ പിഎച്ച്ഡി വിദ്യാർത്ഥിയെ വെടിവച്ച് കൊന്ന കേസിലെ പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഈ മാസം ആറിനാണ് തെലങ്കാന സ്വദേശിയായ ശരത് കൊപ്പു ടെക്സാസിൽ അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. അമേരിക്കയിലെ മൊസൂറി യൂണിവേഴ്സിറ്റിയിൽ പിഎച്ച്ഡി വിദ്യാർത്ഥിയായിരുന്നു ഇരുപത്തഞ്ചുകാരനായ ശരത് കൊപ്പു. റസ്റ്റോറന്റിൽ വച്ച് നടന്ന വെടിവപ്പിലാണ് ശരതിന് വെടിയേറ്റത്.
പ്രതിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളുടെ ചുവടുപിടിച്ചാണ് പോലീസ് അന്വേഷിച്ചു കൊണ്ടിരുന്നത്. കൻസാസ് നഗരത്തിൽ വച്ചാണ് പൊലീസുമായി പ്രതിയുടെ ഏറ്റുമുട്ടൽ നടന്നത്. പ്രതിയെക്കുറിച്ച് പേരോ മറ്റ് വിശദാംശങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഒരു മണിക്കൂറോളം നീണ്ടു നിന്ന വെടിവപ്പിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. കൻസാസ് നഗരത്തിൽ വച്ചാണ് പൊലീസുകാർ പ്രതിയെ കണ്ടെത്തുന്നത്. പൊലീസിനെ വെടിവച്ചതിന് ശേഷം മറ്റൊരു വാഹനത്തിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
തെലങ്കാനയിലെ വാറങ്കൽ ജില്ലയിൽ നിന്നാണ് സോഫ്റ്റ് വെയർ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ശരത് കൊപ്പു മിസ്സോറിയിൽ എത്തിയത്. കൻസാസ് സിറ്റിയിലെ റസ്റ്റോറന്റിൽ വച്ചായിരുന്നു സംഭവം. ശരതിന്റെ പിന്നിൽ നിന്നാണ് കൊലയാളി വെടിയുതിർത്തത്. ശരത് ഓടിരക്ഷപ്പെടാൻ ശ്രമിച്ചിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. വാതിൽ തള്ളിത്തുറന്ന് അകത്ത് പ്രവേശിച്ച അക്രമി മുന്നിൽ നിന്ന കസ്റ്റമറെ തള്ളിമാറ്റിയാണ് വെടിവച്ചത്. ഹൈദരാബാദിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന ശരത് ആ ജോലി ഉപേക്ഷിച്ചാണ് ബിരുദാനന്തര ബിരുദത്തിനായി കൻസാസിലെ മസ്സൂറി യൂണിവേഴ്സിറ്റിയിലെത്തിയത്. ശരതിന് നീതി ലഭിച്ചതായി അമേരിക്കയിലെ ഇന്ത്യൻ അസോസിയേഷൻ നന്ദി പ്രകടിപ്പിച്ചു.
