ഹൈദരാബാദ്: ഭൂമിക്കടിയില്‍ ശിവലിംഗം ഉണ്ടെന്ന് സിദ്ധനായ യുവാവ് സ്വപ്നം കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ദേശീയപാത കുഴിച്ചു. ഹൈദരാബാദ് - വാറങ്കല്‍ ദേശീയപാതയിലാണ് സംഭവം. ശിവലിംഗം തേടിയുള്ള കൂറ്റന്‍ കുഴിയെ തുടര്‍ന്ന് ഗതാഗത സ്തംഭനം വന്നതോടെ സിദ്ധനെയും സിദ്ധന് കൂട്ടു നിന്ന നാട്ടുക്കൂട്ടം തലവനെയും നാട്ടുകാരെയുമെല്ലാം പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടു പോയി. 

വിചിത്ര ശിവഭക്തന്‍ 30 കാരനായ ലാഘന്‍ മനോജ് എന്നയാളുടെ ഭൂതാവേശം ഏറ്റെടുത്താണ് നാട്ടുകാര്‍ ഹൈവേയില്‍ കൂറ്റന്‍ കുഴിയെടുത്തത്. തന്റെ സ്വപ്നത്തില്‍ പതിവായി ശിവന്‍ പ്രത്യക്ഷപ്പെട്ട് ഒരു പ്രത്യേക സ്ഥലം ചൂണ്ടിക്കാട്ടി ഇവിടെ ഒരു ശിവലിംഗം ഉണ്ടെന്നും അത് കണ്ടെത്തി അവിടെ ക്ഷേത്രം പണിയണമെന്ന് ആവശ്യപ്പെടുകയാണെന്ന് ഇയാള്‍ പറഞ്ഞു. 

പിന്നീട് തിങ്കളാഴ്ച പതിവായി ഈ പ്രത്യേക സ്ഥലത്ത് എത്തി പൂജയും പ്രാര്‍ത്ഥനയും ബാധ കയറലുമൊക്കെയായതൊടെ വിഷയം നാട്ടുകാരും നാട്ടുക്കൂട്ടവും മുനിസിപ്പല്‍ അധികാരികളുമെല്ലാം ഏറ്റെടുക്കുകയും കുഴിക്കുകയുമായിരുന്നു. മനോജിന്റെ വെളിപാട് ആദ്യം അംഗീകരിച്ചത് അറസ്റ്റിലായ നാട്ടുക്കൂട്ടം തലവന്‍ ബാല്‍നേ സിദ്ധു ലിംഗമാണ്. 

ഇയാള്‍ പറഞ്ഞത് കേട്ട് മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ നാഗറപ്പു വെങ്കിടും പരിപാടിക്കൊപ്പം കൂടി. ശിവഭക്തനായ മനോജ് മൂന്ന് വര്‍ഷമായി താന്‍ ഇക്കാര്യം സ്വപ്നം കാണുന്നതായിട്ടാണ് പറഞ്ഞത്. ആ സ്ഥലം കുഴിക്കാനും ശിവലിംഗം കണ്ടെത്തി ക്ഷേത്രം പണിയാനും തന്നെ സഹായിക്കണമെന്ന് മനോജ് ആവശ്യപ്പെട്ട് സമീപിക്കുകയായിരുന്നെന്ന് ഇരുവരും പോലീസിനോട് പറഞ്ഞു. 

പതിവായി തിങ്കളാഴ്ച ദിവസം ഇവിടെയെത്തുന്ന മനോജ് പ്രാര്‍ത്ഥനയും പൂജയും നടത്തിയ ശേഷം പതിവായി ബോധംകെട്ടു വീഴുകയും പിന്നീട് ഭൂതബാധ കയറിയപോലെ ഇടപെടുകയും ചെയ്തപ്പോള്‍ വിശ്വസിച്ചു പോയെന്നാണ് നാട്ടുക്കൂട്ടം തലവന്‍ പറഞ്ഞത്. 

ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ മനോജ് അസ്വാഭാവികമായി ഇടപെടുകയും വിറയ്ക്കുകയും മണ്ണിലൂടെ കിടന്ന് ഉരുളുകയും ചെയ്യുന്നത് കാണാം. മനോജില്‍ ഭൂതാവേശം ഉണ്ടായതോടെ നാട്ടുകാര്‍ ജെസിബിയും മറ്റും വാടയ്ക്ക് എടുക്കുകയും ദേശീയപാതയില്‍ കൂറ്റന്‍ കുഴിയെടുക്കാന്‍ ആരംഭിക്കുകയും ചെയ്തു. കുഴിക്കല്‍ പുരോഗമിക്കുന്നതിന് അനുസരിച്ച് ഓം നമശിവായ എന്ന് ഉച്ചത്തില്‍ ഉച്ചരിച്ചുകൊണ്ട് മനോജില്‍ പല തവണ ഭൂതാവേശം ഉണ്ടാകുകയും ചെയ്തു. എന്നാല്‍ കുഴി കൂറ്റനായിട്ടും ശിവലിംഗം കണ്ടെത്താനായില്ല.

ദേശീയപാതയില്‍ പടു കൂറ്റന്‍ ട്രാഫിക് ജാം ഉണ്ടായതോടെ പോലീസ് സ്ഥലത്ത് എത്തിച്ചേരുകയും മനോജിനെയും നാട്ടുക്കൂട്ടം തലവനെയും കൂട്ടുനിന്നവരെയുമെല്ലാം അറസ്റ്റ് ചെയ്തു. അതേസമയം അറസ്റ്റിലായിട്ടും ഇപ്പോഴും അവിടെ ശിവലിംഗം ഉണ്ടെന്ന് തന്നെയാണ് മനോജ് പറഞ്ഞു കൊണ്ടിരിക്കുന്നത്.