ബംഗളുരു: മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കാനുള്ള സേവനദാതക്കളുടെ ശ്രമത്തിനിടയിൽ ആധാർ കാർഡ് അനുവദിക്കുന്ന യു.ഐ.ഡി പ്രൊജക്ട് ഡയറക്ടർക്കും പണികിട്ടി. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചില്ലെന്ന കാരണം പറഞ്ഞ് ഡയറക്ടറുടെ നമ്പറിലേക്കുള്ള സേവനം തടയുകയായിരുന്നു. കർണാടകയിലെ ആധാർ പ്രൊജക്ട് ഡയറക്ടർ എച്ച്.എൽ പ്രഭാകറിനെയാണ് ആധാർ ബന്ധം കുരുക്കിലാക്കിയത്. അഞ്ച് ദിവസം മുമ്പാണ് സേവനം തടഞ്ഞതെന്ന് പ്രഭാകർ പറയുന്നു.
അതേസമയം, വൺ ടൈം പാസ്വേഡ് ഒാതൻറിക്കേഷൻ രീതിയിൽ താൻ ആധാറുമായി ഫോൺ നമ്പർ ബന്ധിപ്പിച്ചിട്ടുണ്ടെന്നാണ് പ്രഭാകർ പറയുന്നത്. എന്നാൽ കണക്ഷൻ പുനഃസ്ഥാപിക്കാൻ ആധാർ മേധാവി വിരലടയാളം നൽകണമെന്നാണ് സേവനദാതാക്കൾ പറയുന്നത്. ഫോൺ പ്രവർത്തന രഹിതമായപ്പോൾ കസ്റ്റമർ കെയറിൽ ബന്ധപ്പെട്ടപ്പോൾ സാങ്കേതിക പിഴവാണെന്നായിരുന്നു മറുപടി.
പലതവണ വിളിച്ചപ്പോൾ കസ്റ്റമർ കെയർ ഒൗട്ട്ലെറ്റിൽ പോയി ആധാർ ബന്ധിപ്പിക്കാൻ വിരലടയാളം നൽകാൻ നിർദേശിച്ചു. എന്നാൽ തന്റെ ആധാർ വെരിഫിക്കേഷൻ നടപടികൾ പൂർത്തിയായതാണെന്നും നിയമം തനിക്ക് അറിയാമെന്നും പ്രഭാകർ പറഞ്ഞു. ജനങ്ങൾക്ക് തിരിച്ചറിയൽ കാർഡ് നൽകുന്ന വിഭാഗത്തിന്റെ മേധാവിയായ തന്നെ മൊബൈൽ സേവനദാതാക്കൾ വിഢിയാക്കുകയാണെന്ന് പ്രഭാകർ പറയുന്നു.
മാത്രവുമല്ല, സിം കാർഡ് വീണ്ടും പ്രവർത്തിപ്പിക്കാനായി തിരിച്ചറിയൽ രേഖ ഹാജരാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ഇത് പരിഹാസ്യകരമാണെന്നും താൻ എന്തിന് വീണ്ടും ഐഡൻറിറ്റി തെളിയിക്കണമെന്നും പ്രഭാകർ ചോദിക്കുന്നു. കണക്ഷൻ എടുക്കുന്ന സമയത്ത് തന്നെ ആവശ്യമായ രേഖകൾ എല്ലാം സമർപ്പിച്ചതാണ്. പിന്നീട് ആധാർ ഒാതന്‍റിക്കേഷൻ ലഭിക്കുകയും ചെയ്തു.
ആളുകൾക്ക് തിരിച്ചറിയൽ കാർഡ് നൽകുന്ന ഡിവിഷന്‍റെ മേധാവിയെയാണ് സേവനദാതാക്കൾ വിഢിയാക്കാൻ ശ്രമിക്കുന്നതെന്നും പ്രഭാകർ പറയുന്നു. എന്നാൽ ആരുടെയും സിം കണക്ഷൻ വിഛേദിച്ചിട്ടില്ലെന്നാണ് കമ്പനിയുടെ വക്താവ് പറയുന്നത്. ടെലികോം മന്ത്രാലയം നിർദേശിച്ചതനുസരിച്ച് ആധാറുമായി ബന്ധിപ്പിക്കാൻ ഒാർമപ്പെടുത്തി ഉപഭോക്താക്കൾക്ക് പലതവണ സന്ദേശം നൽകിയിട്ടുണ്ടെന്നും കമ്പനി പറയുന്നു.
