കൊച്ചി: കോതമംഗലത്ത് ടെലിഫിലിം സംവിധായകനെ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി. എറണാകുളം കൊന്പനാട് സ്വദേശി ജയനാണ് കൊല്ലപ്പെട്ടത്. പ്രതി ജോബി കോതമംഗലം പൊലീസില്‍ കീഴടങ്ങി. മദ്യപാനത്തിനിടയില്‍ വീട്ടുചെലവിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് കൃത്യത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
കോതമംഗലത്തെ ഫ്‌ളാറ്റില്‍ തലയറുത്ത് മാറ്റിയ നിലയിലാണ് എറണാകുളം കൊമ്പനാട് സ്വദേശി ജയന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ നേര്യമംഗലം സ്വദേശി ജോബി പൊലീസില്‍ കീഴടങ്ങി. സജയനും ജോബിയും സീരിയല്‍ ടെലിഫിലിം രംഗത്ത് ഒരുമിച്ച് ജോലിചെയ്തിരുന്നവരാണ്. എന്നാല്‍ ജയന് കുറച്ചുനാളായി ജോലിയില്ല. കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപമുള്ള ഷോപ്പിംഗ് കോംപ്ലക്‌സിന്റെ മുകളിലത്തെ നിലയില്‍ ജോബി വാടകയ്ക്ക് എടുത്ത ഫ്‌ളാറ്റില്‍ ജയന്‍ താമസിക്കാനെത്തിയിട്ട് ഒരുമാസത്തോളമായി.
കഴിഞ്ഞ ദിവസം രാത്രി വൈകി ഫ്‌ളാറ്റിലെത്തിയ ഇരുവരും ഒരുമിച്ച് മദ്യപിച്ചു. മദ്യലഹരിയിലായിരിക്കെ ജയനും ജോലിക്ക് പോകണമെന്നും വീട്ടുചെലവുകള്‍ രണ്ട് പേരും ഒരുമിച്ച് വഹിക്കണമെന്നും ജോബി ആവശ്യപ്പെട്ടു. തര്‍ക്കമുണ്ടായതോടെ ജയന്‍ ജോബിയുടെ തലയില്‍ കത്തികൊണ്ട് മുറിവേല്‍പ്പിച്ചു.
ഇതോടെ ജോബി ജയനെ പല തവണ കുത്തി. തുടര്‍ന്ന് തലയറുത്തുമാറ്റി. അടുക്കളയില്‍ വച്ചാണ് പ്രതി കൊല നടത്തിയത്. പിന്നീട് മറ്റൊരു മുറിയില്‍ കിടന്നുറങ്ങുകയും പുലര്‍ച്ചെ കുളി കഴിഞ്ഞ് കോതമംഗലം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഉറ്റ സുഹൃത്തിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ മറ്റ് കാരണങ്ങള്‍ ഉണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പൊലീസും ഫൊറന്‍സിക് വിദഗ്ദരും സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
