ഹൈദരാബാദ്: ടെലിവിഷൻ താരത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍  ആത്മഹത്യക്ക് കാരണം പ്രണയനഷ്ടമാണെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. തെലുങ്ക് സിനിമ- സിരിയൽ രംഗത്തെ പ്രമുഖ നടിയായ 21കാരി നാഗ ഝാൻസിയെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  നടിക്ക് ആറുമാസമായി ഒരു യുവാവുമായി പ്രണയമുണ്ടായിരുന്നെന്നും ഇത് വഴിപിരിഞ്ഞതോടെ വലിയ മാനസിക വിഷമത്തിലായിരുന്നുവെന്നുമാണ് വിവരം. 

ഹൈദരാബാദിലെ ശ്രീനഗർ കോളനിയിലെ വസതിയിൽ ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് നടിയെ സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.  ആ സമയത്ത് യുവതി കാമുകനുമായി ചാറ്റ് ചെയ്തിരുന്നതായി മുറിയിൽനിന്നും കണ്ടെടുത്ത മൊബൈൽ ഫോണിൽനിന്ന്  പൊലീസ് കണ്ടെത്തി.  ഫോണിലെ കോൾ ലിസ്റ്റും ചാറ്റും പൊലീസ് പരിശോധിച്ച് വരികയാണ്.

ഝാൻസി വീടിന്റെ വാതിൽ തുറക്കാത്തതിനെ തുടർന്ന് സഹോദരൻ ദുർഗാ പ്രസാദ് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി വാതിൽ ചവിട്ടി തുറക്കുകയും മൃതദേഹം കണ്ടെത്തുകയുമായിരുന്നു. സംഭവം നടക്കുന്ന സമയത്ത് ഝാൻസി ഫ്ലാറ്റിൽ തനിച്ചായിരുന്നു. 

കഴിഞ്ഞ ആറ് മാസമായി ഒരു യുവാവുമായി യുവതി അടുപ്പത്തിലായിരുന്നു. എന്നാൽ നടിയുടെ വീട്ടുകാർ ഈ ബന്ധത്തെ എതിർത്തിരുന്നു. അതേസമയം ത്സാന്‍സിക്ക് ഇത്തരം ബന്ധമുള്ളതായി അറിയില്ലെന്നാണ് സഹോദരന്‍റെ പ്രതികരണം. പവിത്രബന്ധം എന്ന തെലുങ്ക് സീരിയലിലൂടെ പ്രേഷകരുടെ ആരാധനാപാത്രമായി മാറിയ താരമാണ് ഝാൻസി. ആന്ധ്രയിലെ കൃഷ്ണ ജില്ലയിലെ വഡാലി ഗ്രാമമാണ് നാഗ ഝാൻസിയുടെ സ്വദേശം.