ഗ്വാളിയോര്‍ : മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയ്ക്കായി ക്ഷേത്രമൊരുക്കി ഹിന്ദു മഹാസഭ. ഗ്വാളിയോറിലാണ് ഗോഡ്സെയ്ക്കായി ക്ഷേത്രമൊരുങ്ങുന്നത്. ഗോഡ്സെയുടെ പേരില്‍ ക്ഷേത്രം പണി കഴിക്കരുതെന്ന ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം മറികടന്നാണ് ക്ഷേത്രത്തിനായുള്ള ശിലാസ്ഥാപനം നടന്നു. ഗ്വാളിയോറിലെ ഹിന്ദുമഹാസഭയുടെ ഓഫീസ് പരിസരത്താണ് ക്ഷേത്രമൊരുങ്ങുന്നത്.
നിലവില്‍ ഇവിടെ സ്ഥാപിച്ചിരിക്കുന്ന ഗോഡ്സെയുടെ പ്രതിമയില്‍ ദിവസവും പുഷ്പാര്‍ച്ചന നടത്താറുണ്ട്. ഗാന്ധിജിയെ കൊലപ്പെടുത്തിയ കുറ്റത്തിന് 1949 നവംബര്‍ 15 നാണ് നാഥുറാം ഗോഡ്സെയെ തൂക്കിക്കൊന്നത്. ഈ ദിവസം ത്യാഗ ദിനമായാണ് ഹിന്ദു മഹാസഭ ആചരിക്കുന്നത്.
നേരത്തെ ഗോഡ്സെയുടേ പേരില്‍ ക്ഷേത്രം നിര്‍മിക്കുന്നതിന് ഹിന്ദു മഹാസഭ അനുമതി തേടിയിരുന്നു. പക്ഷേ ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ഹിന്ദു മഹാസഭയുടെ ധ്വംസനാത്മകമായ നിലപാടുകള്‍ക്ക് പിന്തുണ നല്‍കുകയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
ഹിന്ദുമഹാസഭയുടെ നീക്കത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തുണ്ട്. രാഷ്ട്രപിതാവിനെ അപമാനിക്കാനുള്ള നീക്കത്തിനെതിരെ
രാജദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം. കോണ്‍ഗ്രസ് പ്രവർത്തകർ ഹബിബ് ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സംഭവത്തില്‍ നിയമോപദേശം ലഭിച്ചതിന് ശേഷം നടപടിയെടുക്കാമെന്നാണ് പൊലീസിന്റെ നിലപാട്.
