തന്ത്രിമാര്‍ കൂലിക്കാരാണെന്ന വാദം വേദനാജനകമാണ്. ദേവസ്വം ബോര്‍ഡിന് ഭരണാധികാരം മാത്രമാണുള്ളത്. ആചാരങ്ങള്‍ മുടങ്ങിയാല്‍ ശുദ്ധിക്രിയ നടത്തുന്നത് വരെ നട അടയ്ക്കുമെന്നാണ് ശബരിമല തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞത്

കൊച്ചി: ദുഷ്ടബുദ്ധികളുടെ കൗശലങ്ങള്‍ക്ക് മുഖ്യമന്ത്രി വിധേയനാകുകയാണെന്ന് ക്ഷേത്രം തന്ത്രിമാരുടെ യോഗം വിമര്‍ശിച്ചു. തങ്ങളുടെ അവകാശങ്ങളെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് തന്ത്രിമാര്‍ ആരോപിച്ചു. താഴ്മണ്‍ തന്ത്രി കുടുംബത്തെ വിമര്‍ശിച്ചപ്പോള്‍ പാര്‍ട്ടി വക്താവിനെപ്പോലെയാണ് മുഖ്യമന്ത്രി സംസാരിച്ചത്. ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളുടെ അവസാന വാക്ക് തന്ത്രി മാത്രമാണെന്നും ക്ഷേത്രം ഉടമസ്ഥര്‍ക്ക് തന്ത്രികളുടെ മേല്‍ അധികാരമില്ലെന്നും യോഗത്തിന് ശേഷം തന്ത്രിമാരുടെ പ്രതിനിധിധികള്‍ വിശദമാക്കി.

തന്ത്രിമാര്‍ കൂലിക്കാരാണെന്ന വാദം വേദനാജനകമാണ്. ദേവസ്വം ബോര്‍ഡിന് ഭരണാധികാരം മാത്രമാണുള്ളത്. ആചാരങ്ങള്‍ മുടങ്ങിയാല്‍ ശുദ്ധിക്രിയ നടത്തുന്നത് വരെ നട അടയ്ക്കുമെന്നാണ് ശബരിമല തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞത്. വൈകാരികമായി പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണ്.രാഹുല്‍ ഈശ്വറിന്‍റെ അഭിപ്രായം തന്ത്രിമാരുടേതല്ലെന്നും അവര്‍ പറഞ്ഞു. 

കോടതി വിധിയെ നിയമപരമായി നേരിടും. വിധി പെട്ടന്ന് നടപ്പാക്കാതിരിക്കാന്‍ സുപ്രീംകോടതിയെ സമീപിക്കുനന്തിനെ കുറിച്ച് തന്ത്രിസമൂഹം ആലോചിക്കും. മണ്ഡല മകരവിളക്കിന് മുമ്പായി തന്ത്രിമാരുടെ വിപുലമായ യോഗം ചേര്‍ന്ന് ഇതുസംബന്ധിച്ച് ആലോചിക്കും. പൂജാവിധികള്‍ മനടപ്പിലാക്കുന്നവര്‍ ബ്രഹ്മചാരികള്‍ ആകണമെന്നതുകൊണ്ട് മുഖ്യമന്ത്രി എന്താണ് ഉദ്ദേശിക്കുന്നതെന്നും അവര്‍ ചോദിച്ചു. വിവിധ ക്ഷേത്രങ്ങളുടെ 20 ഓളം തന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തു.