കോണ്‍ഗ്രസ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ശശി തരൂര്‍. കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് എങ്ങോട്ടുമില്ലെന്ന് ശശി തരൂര്‍ എംപി വ്യക്തമാക്കി.
തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് എങ്ങോട്ടുമില്ലെന്ന് ശശി തരൂര്‍ എംപി. വര്‍ഗീയതക്കും ഭിന്നിപ്പിക്കലിനുമെതിരെ രാജ്യത്തുയരുന്ന ശക്തമായ ശബ്ദമാണ് രാഹുല്‍ ഗാന്ധിയുടെതെന്ന് ഹൈക്കമാന്‍ഡുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കേരളത്തിലെത്തിയ തരൂര്‍ പുകഴ്ത്തി. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ശശി തരൂരും പാര്‍ട്ടിയുടെ മുഖമാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും വ്യക്തമാക്കി.
പിണക്കം മാറ്റി ശശി തരൂര്‍ പാര്‍ട്ടി ലൈനിലേക്ക്. കെപിസിസി തിരുവന്തപുരത്ത് സംഘടിപ്പിച്ച ഗാന്ധി രക്തസാക്ഷി ദിനാചരണത്തില്‍ മറ്റ് നേതാക്കള്‍ക്കൊപ്പം പങ്കെടുത്ത് കോണ്‍ഗ്രസ് വേദികളില്‍ സജീവമാകുമെന്ന സന്ദേശം നല്‍കി. കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ ഇടം വേണമെന്ന് ഇന്നലെ രാഹുല്‍ ഗാന്ധിയും, മല്ലികാർജുൻ ഖർഗെയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തരൂര്‍ ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം സജീവമാകണമെന്ന നിര്‍ദ്ദേശം രാഹുല്‍ ഗാന്ധി നല്‍കുകയും ചെയ്തു. ചേര്‍ത്ത് പിടിക്കുമെന്ന സന്ദേശം നല്‍കിയ രാഹുല്‍ ഗാന്ധിയെ തരൂര്‍ വാനോളം പുകഴ്ത്തി. ഹൈക്കമാന്‍ഡ് വേണ്ടപ്പെട്ടയാളെന്ന സന്ദേശം നല്‍കിയതോടെ തരൂരുമായി അകന്ന് നിന്ന കേരളത്തിലെ നേതൃത്വവും യൂടേണടിച്ചു. തരൂര്‍ വിശ്വപൗരനെന്നതടക്കം വാഴ്ത്ത് പാട്ടുകള്‍ വീണ്ടും ഉയര്‍ന്ന് തുടങ്ങി.
കേരളത്തിലെ നേതൃത്വം തന്നെ അകറ്റിനിര്‍ത്തുകയാണെന്ന പരാതി തരൂര്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി കസേര സ്വപ്നം കാണുന്നയാളെന്ന് പ്രചരിപ്പിച്ചെന്നും തരൂരിന് പരാതിയുണ്ട്. ഒരിക്കല്‍ പോലും മുഖ്യമന്ത്രി പദം ആഗ്രഹിക്കുകയോ, വിമത നീക്കം നടത്തുകയോ ചെയ്തിട്ടില്ല. ഏറ്റവുമൊടുവില്‍ സിപിഎമ്മിലേക്കെന്ന പ്രചാരണം പോലും പാളയത്തിലെ പടയുടെ ഭാഗമാണെന്നാണ് തരൂര്‍ നേതൃത്വത്തെ ധരിപ്പിച്ചത്. തരൂരിനെ ചേര്‍ത്ത് നിര്‍ത്തി തന്നെ പോകണമെന്ന സന്ദേശം കേരളത്തിലെ നേതൃത്വത്തിനും, എഐസിസിക്കും ഹൈക്കമാന്‍ഡ് നല്‍കി കഴിഞ്ഞു. മഹാപഞ്ചായത്തിലെ അപമാനം ഫലത്തില്‍ തരൂരിന് പാര്‍ട്ടിയില്‍ പുതിയ ഇടം നല്‍കിയിരിക്കുന്നു.


