ധാക്ക: ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ ക്യാംപുകള്‍ വീണ്ടും പുകയുന്നു. അഭയാര്‍ഥികളെ മ്യാന്മാറിലേക്ക് തിരിച്ചയക്കുന്ന നടപടികള്‍ ആരംഭിച്ചതോടെയാണ് ക്യാംപുകള്‍ വീണ്ടും കലുഷിതമായിരിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ തിരിച്ചുപോകാന്‍ സാധിക്കില്ലെന്ന് നിലപാടെടുത്ത അഭയാര്‍ഥികളെ നിര്‍ബന്ധിച്ച് മാറ്റിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മ്യാന്‍മാറില്‍ പൗരത്വം നല്‍കുക, ന്യൂനപക്ഷമായി പരിഗണിച്ച് ആനുകൂല്യങ്ങള്‍ നല്‍കുക, സൈനിക നീക്കങ്ങളില്‍ തകര്‍ന്ന വീടുകളും പള്ളികളും നിര്‍മിച്ച് നല്‍കുക തുടങ്ങിയവയായിരുന്നു റോഹിങ്ക്യര്‍ ആവശ്യപ്പെട്ടത്.

കഴിഞ്ഞ ആഴ്ച നടന്ന ചര്‍ച്ചയിലാണ് ബംഗ്ലാദേശിലെ അതിര്‍ത്തി പ്രദേശങ്ങളിലുള്ള രണ്ട് ക്യാംപുകളിലെ അഭയാര്‍ഥികളെ തിരിച്ചെത്തിക്കാന്‍ മ്യാന്‍മാര്‍ കരാര്‍ ഒപ്പിട്ടത്. ഇത് പ്രകാരമാണ് അഭയാര്‍ഥികളെ മാറ്റാന്‍ ബംഗ്ലാദേശ് സൈനികര്‍ നടപടി തുടങ്ങിയത്. എന്നാല്‍ പോകാന്‍ വിസമ്മതിച്ച അഭയാര്‍ഥികളുടെ റേഷന്‍ കാര്‍ഡ് പിടിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതടക്കമുള്ള പരാതികളും ഉയരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.